നടി ആക്രമിക്കപ്പെട്ട കേസില് നിന്നും എട്ടാം പ്രതി ദിലീപ് ഉള്പ്പെടേയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെ ശക്തമായ ഭാഷയില് പ്രതികരിച്ച് അഡ്വ: സജിത. അതിജീവിതയുടേത് ആരോപണമല്ല, സത്യമായിരുന്നു. മാസ്റ്റർ ബ്രെയിന് ഇപ്പോഴും പുറത്താണ്. ദിലീപ് ജയിലില് കിടന്നത് തന്നെ വലിയ കാര്യമാണെന്നും അവർ പറഞ്ഞു. വിധി വന്നതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. ദിലീപ് അടക്കമുള്ള നാല് പ്രതികള്കള്ക്കെതിരായ കുറ്റം തെളിയിക്കാന് സാധിച്ചില്ലെങ്കിലും പള്സർ സുനി അടക്കം കൃത്യത്തില് നേരിട്ട് പങ്കെടുത്ത ഒന്ന് മുതല് ആറ് വരേയുള്ള പ്രതികള് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇവർക്കുള്ള ശിക്ഷ 12-ാം തിയതി വിധിക്കും.
'പ്രതിക്കൂട്ടിൽ കയറിയവരെയൊക്കെ നിങ്ങൾ കണ്ടതല്ലേ. ഞാൻ തന്നെ കണ്ടപ്പോൾ ഭയപ്പെട്ടുപോയി. അവർ എങ്ങനെ ആ ഒരു രാത്രി ഇവരെ ഫെയിസ് ചെയ്തു എന്നാണ് ആലോചിക്കുന്നത്. ഈ കേസില് വിധി പറഞ്ഞത് ഒരു വനിതാ ജഡ്ജിയാണ്. അതി ജീവിതയ്ക്ക് വേണ്ടി വക്കാലത്ത് എടുത്തത് നീതിക്ക് വേണ്ടി നില കൊള്ളുന്ന വനിത അഭിഭാഷക മിനിയാണ്. ഈ വിധിയില് തളരരുത്. ഇതിന് മേലേയും കോടതികളുണ്ട്. അവിടെ നമുക്ക് ഫൈറ്റ് ചെയ്യാം.' അഡ്വ സജിത പറഞ്ഞു.
' അതിജീവിത കടന്നുപോയ ഒരു മെന്റൽ ട്രോമ ഉണ്ട്. ആ ട്രോമ ആരും മനസ്സിലാക്കുന്നില്ല. ആ ട്രോമ പീഡനങ്ങള് അനുഭവിക്കുന്ന ഓരോ സ്ത്രീയും അനുഭവിക്കുന്ന മെന്റല് ട്രോമയാണ്. ഇന്ന് അതിജീവിത കടന്നുപോകുന്ന ഒരു മെന്റല് ട്രോമയുണ്ട്. അവർക്ക് വേണ്ടി, നീതിക്ക് വേണ്ടി വാദിച്ച അഭിഭാഷക കടന്നു പോകുന്ന ഒരു മെന്റൽ ട്രോമ ഉണ്ടാവാം. ഞാനും ഇതുപോലെ ഒരുപാട് കേസിലൂടെ കടന്നു പോയിട്ടുള്ള ഒരാളാണ്, അതുകൊണ്ടുതന്നെ ആ വേദന എനിക്കറിയാം. ഇങ്ങനെ ഒരു വിധി അഭിഭാഷക എന്ന നിലയില് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല.' അഡ്വ സജിത വ്യക്തമാക്കി.
നീതി കിട്ടും എന്നായിരുന്നു പ്രതീക്ഷ. വ്യക്തമായ തെളിവുകള് ഹാജരാക്കിയിട്ടുണ്ട്. ഇത്രയും സമയം എടുത്ത് കോടതി വിധി പറയുമ്പോള് അത് നീതിയുക്തമായ വിധിയായിരിക്കണം. ഇനി വിധി പറയാന് എന്തെങ്കിലും പ്രശ്നമോ സമ്മർദ്ദമോ ഉണ്ടെങ്കില് ജഡ്ജി മാന്യമായി രാജിവെക്കണം. എത്തിക്സ് വിട്ട് കളിക്കരുത് എന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്. ഈ വിധിയിൽ ഞാൻ ഒട്ടും തൃപ്തയല്ലെന്നും അവർ പറഞ്ഞു.
ഇന്ന് 'അമ്മ'യുടെ തലപ്പത്തിരിക്കുന്ന വനിത പോലും അതിജീവിതയ്ക്ക് വേണ്ടി സംസാരിച്ചിട്ടില്ല. അവർക്ക് ഈ അവസരം ലഭിക്കാന് കാരണമായത് ഈ ലേഡി ആയിരുന്നു എന്നുള്ളത് നമ്മൾ മറക്കാൻ പാടില്ലാത്ത ഒരു സത്യമാണ്. അവർ ആദ്യമായി ശബ്ദം ഉയർത്തി. അതിന് മുന്നേയും സമാനമായ രീതിയിലുള്ള കൊട്ടേഷനുകളും റേപ്പുകളും നടന്നിട്ടുണ്ടെന്നാണ് നമുക്ക് മുന്നിലെ അറിവ്. ആ സമയത്ത് അവർ എല്ലാവരും മൗനം പാലിച്ചപ്പോള് ഈ കേസിലെ അതിജീവിത ശക്തമായി മുന്നോട്ടു വന്നു. ഇങ്ങനെ ഒരു വിധി ഈ ഭൂമിയില് ഇനി വരാതിരിക്കട്ടേയെന്ന് ഞാന് പ്രാർത്ഥിക്കുന്നുവെന്നും അഡ്വ സജിത കൂട്ടിച്ചേർത്തു.
Content Highlights: Dileep Actress Case Verdict: ‘The Mastermind Is Still Out There,’ Says Advocate Sajitha