ദിലീപ് എങ്ങനെ കുറ്റവിമുക്തനായി? പ്രോസിക്യൂഷന്‍ ശക്തമായ വാദമുയർത്തി; പക്ഷെ തെളിയിക്കപ്പെടാതെ പോയ ആ വാദം

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയാണ് ആറ് വർഷത്തോളം നീണ്ട വിചാരണയ്ക്ക് ഒടുവില്‍ കേസില്‍ വിധി പറഞ്ഞിരിക്കുന്നത്.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നിന്നും കുറ്റവിമുക്തനായിരിക്കുകയാണ് ദിലീപ്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്നാം പ്രതി പള്‍സർ സുനി ഉള്‍പ്പെടെ ഒന്ന് മുതല്‍ ആറുവരേയുള്ള പ്രതികളെ കോടതി ശിക്ഷിച്ചപ്പോള്‍ എട്ടാംപ്രതി ദിലീപിനെ കോടതി വെറുതെ വിടുകയായിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയാണ് ആറ് വർഷത്തോളം നീണ്ട വിചാരണയ്ക്ക് ഒടുവില്‍ കേസില്‍ വിധി പറഞ്ഞിരിക്കുന്നത്. ശിക്ഷാവിധിയില്‍ വെള്ളിയാഴ്ച കോടതിയില്‍ വാദം നടക്കും.

ക്രിമിനൽ ഗൂഢാലോചന, അന്യായതടങ്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ആക്രമണം, കൂട്ടബലാത്സംഗം, ഭീഷണിപ്പെടുത്തൽ, തെളിവുനശിപ്പിക്കൽ, തട്ടിക്കൊണ്ടുപോകല്‍, പ്രേരണക്കുറ്റം, പൊതു ഉദ്ദേശ്യത്തോടെ കുറ്റകൃത്യം, ഐടി നിയമപ്രകാരം സ്വകാര്യ-ചിത്രമോ ദൃശ്യമോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യല്‍ എന്നീ കുറ്റങ്ങളാണ് ഒന്നുമുതൽ ആറുവരെ പ്രതികൾക്കും എട്ടാം പ്രതി ദിലീപിനുമെതിരെ ചുമത്തിയിരുന്നത്.

ദിലീപ് എങ്ങനെ കുറ്റവിമുക്തനായി

ഒന്ന് മുതല്‍ ആറ് വരേയുള്ള പ്രതികള്‍ക്കെതിരായ കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടപ്പോള്‍ ദിലീപ് ഉള്‍പ്പെടേയുള്ള നാല് പ്രതികള്‍ക്കെതിരായ ഗൂഢാലോചന കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് ഏഴ് മുതല്‍ 10 വരേയുള്ള പ്രതികളെ കോടതി വെറുതെ വിടുന്നത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും കേസിന്‍റെ മുഖ്യസൂത്രധാരന്‍ എന്ന നിലയിലായിരുന്നു ദിലീപിനെതിരേയും പ്രോസിക്യൂഷന്‍ ബലാത്സംഗ കുറ്റം ചുമത്തിയത്.

ദിലീപിനെതിരായി നിരവധി തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നെങ്കിലും ഇതൊന്നും എട്ടാംപ്രതിയുടെ പങ്ക് തെളിയിക്കുന്നതിലേക്ക് നയിക്കുന്നില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. വിധി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വിധി പകർപ്പ് പുറത്ത് വരുന്നതോടെ ലഭ്യമാകും.

ദിലീപിന്‍റെ പ്രതികരണം

കോടതി വെറുതെവിട്ടതിന് പിന്നാലെ ദിലീപ് നടത്തിയ ആദ്യ പ്രതികരണം മുന്‍ ഭാര്യ മഞ്ജു വാര്യർക്കും പൊലീസിനുമെതിരെയായിരുന്നു. 'സർവ്വശക്തനായ ദൈവത്തിന് നന്ദി പറയുന്നു. സത്യം ജയിച്ചു. ഈ കേസില്‍ ക്രിമനല്‍ ഗൂഡാലോചനയുണ്ട്. അത് അന്വേഷിക്കണമെന്ന് മഞ്ജു വാര്യർ പറഞ്ഞിടത്ത് നിന്നാണ് എനിക്കെതിരായ ഗൂഡാലോചന ആരംഭിച്ചത്.' എന്നായിരുന്നു വിധിക്ക് പിന്നാലെയുള്ള ദിലീപിന്‍റെ പ്രതികരണം.

കേസില്‍ നടന്ന യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയാണ്. ജയിലിലായിരുന്ന പ്രതികളെ കൂട്ടുപിടിച്ച് പൊലീസ് തനിക്കെതിരെ കള്ളക്കഥ മെനയുകയായിരുന്നു. ഒരു മേല്‍ ഉദ്യോഗസ്ഥനും ക്രിമിനല്‍ പൊലീസ് സംഘവും ചേർന്നാണ് അത് നടപ്പിലാക്കിയത്. കേസിലെ പ്രധാന പ്രതിയേയും അയാളുടെ കൂട്ടാളികളേയും ചേർത്തുപിടിച്ച് പൊലീസ് സംഘം കള്ളക്കഥ മെനഞ്ഞു. മാധ്യമങ്ങളെ കൂട്ടുപിടിച്ച് ആ കള്ളക്കഥ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്നും ദിലീപ് അവകാശപ്പെട്ടു.

Content Highlights: Dileep Actress Case: How Dileep Was Acquitted — Where the Prosecution’s Case Fell Short

To advertise here,contact us