മുഖ്യമന്ത്രി നിർദേശിച്ചു; ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ടതിനെതിരെ സർക്കാർ അപ്പീല്‍ പോകും; പി രാജീവ്

എക്കാലത്തും അതിജീവിതക്കൊപ്പം ഉറച്ച് നിൽക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സർക്കാരും സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പൂർണമായി നീതി ലഭിച്ചില്ലെന്ന് നിയമ മന്ത്രി പി രാജീവ്. ഭൂരിഭാ​ഗം കുറ്റങ്ങളും തെളിയിക്കപ്പെട്ടെങ്കിലും എല്ലാവരും പ്രതീക്ഷിച്ച പോലെ ഒരു വിധി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ദിലീപ് ഉൾപ്പടെയുള്ള പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീൽ പോകുമെന്നും പി രാജീവ് പറഞ്ഞു. മുഖ്യമന്ത്രിയും അപ്പീൽ നൽകാനാണ് നിർദേശിച്ചത്. ഡിജിപിയുമായും ഇക്കാര്യം സംസാരിച്ചുവെന്ന് മന്ത്രി രാജീവ് പറഞ്ഞു. ഈ സർക്കാരും മുഖ്യമന്ത്രിയുമില്ലായിരുന്നെങ്കിൽ ഇങ്ങനെയൊരു പ്രതി അറസ്റ്റിലാകുമായിരുന്നോ എന്നും പി രാജീവ് ചോദിച്ചു.

എക്കാലത്തും അതിജീവിതക്കൊപ്പം ഉറച്ച് നിൽക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സർക്കാരും സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേസിൽ അന്വേഷണസംഘത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിരുന്നു. നല്ല രീതിയിലാണ് അന്വേഷണം നടന്നത്. എന്നിട്ടും എന്തുകൊണ്ടാണ് പ്രതികൂല വിധിയുണ്ടായതെന്ന് പരിശോധിക്കും. വിധിപകർപ്പ് ലഭിച്ചതിന് ശേഷമേ ഇക്കാര്യത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കാനാവുവെന്നും പി രാജീവ് വ്യക്തമാക്കി.

ഗൂഢാലോചനാക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാത്തതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ കോടതി വെറുതെ വിട്ടത്. എന്നാല്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം, ആറാം പ്രതി പ്രദീപ് എന്നിവര്‍ എല്ലാ വകുപ്പുകളിലും കുറ്റക്കാരാണെന്നും കോടതി വിധിച്ചു. ബാക്കി പ്രതികളെയെല്ലാം വെറുതെ വിട്ടു.

വിധി അന്തിമമല്ലെന്നും മേല്‍ക്കോടതികൾ ഇനിയുമുണ്ടെന്നുമായിരുന്നു അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ബി സന്ധ്യ ഐപിഎസ് പ്രതികരിച്ചത്. അന്തിമ വിധി വരെ അതിജീവിതയ്ക്ക് ഒപ്പം അന്വേഷണ സംഘം ഉണ്ടാകും. ഗൂഢാലോചന കുറ്റം തെളിയിക്കല്‍ എപ്പോഴും ഒരു വെല്ലുവിളിയാണ്. മേല്‍ക്കോടതിയില്‍ എന്താണ് സംഭവിക്കുക എന്ന് നോക്കാമെന്നും അന്തിമ വിധി വരെ കാത്തിരിക്കാമെന്നും സന്ധ്യ പ്രതികരിച്ചു.

Content Highlight : Full justice not served; government will appeal; P Rajeev

To advertise here,contact us