നിനക്കായി നിലകൊള്ളുന്നതായി നടിക്കുകയും കോടതിയിൽ മൊഴി മാറ്റുകയും ചെയ്തവർക്ക് അർഹമായത് ലഭിക്കും: ചിന്മയി

ഇന്നത്തെ വിധി എന്തായാലും താന്‍ അതിജീവിതയോടൊപ്പം എപ്പോഴുമുണ്ടാകുമെന്ന് അവര്‍ എക്‌സില്‍ കുറിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാംപ്രതി ദിലീപിനെ വെറുതെ വിട്ട കോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി ഗായിക ചിന്മയി ശ്രീപാദ. ഇന്നത്തെ വിധി എന്തായാലും താന്‍ അതിജീവിതയോടൊപ്പം എപ്പോഴുമുണ്ടാകുമെന്ന് അവര്‍ സാമൂഹ്യമാധ്യമമായ എക്‌സില്‍ കുറിച്ചു. നിനക്കു വേണ്ടി നിലകൊള്ളുന്നതായി നടിക്കുകയും കോടതിയില്‍ പ്രധാനപ്പെട്ട സന്ദര്‍ഭങ്ങളില്‍ മൊഴി മാറ്റുകയും ചെയ്ത സ്ത്രീകള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും അര്‍ഹമായത് ലഭിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ചിന്മയിയുടെ കുറിപ്പ്

ഇന്നത്തെ വിധി എന്തായാലും - ഞാന്‍ അതിജീവിതയോടൊപ്പം നില്‍ക്കും, എപ്പോഴും.

പെണ്‍കുട്ടി, നീ ഒരു ഹീറോയാണ്, നീ എന്നും ഒരു ഹീറോയാണ്. നിനക്കു വേണ്ടി നിലകൊള്ളുന്നതായി നടിക്കുകയും കോടതിയില്‍ പ്രധാനപ്പെട്ട സന്ദര്‍ഭങ്ങളില്‍ മൊഴി മാറ്റുകയും ചെയ്ത സ്ത്രീകള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും, അര്‍ഹമായത് ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

നമ്മൾ ഇപ്പോൾ കാണുന്നത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അവതരണമാണെന്നാണ് പാർവതി തിരുവോത്ത് സമൂഹ മാധ്യമത്തിൽ കുറിച്ചത്. എന്നും അവൾക്കൊപ്പമാണെന്നും നടി വ്യക്തമാക്കി. അതിജീവിതയ്ക്കൊപ്പമാണെന്ന് നടി റിമാ കല്ലിങ്കലടക്കമുള്ളവരും സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിട്ടുണ്ട്.

Whichever way this verdict today - I stand with the survivor. Always.Girl, you are a Hero, you have been and always will be. I hope all those who pretended to stand for you and changed their statements in Court when it mattered, including the women - get what they deserve.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി നടന്‍ ദിലീപിനെ വെറുതെ വിട്ട കോടതി വിധിക്കെതിരെ പ്രൊസിക്യൂഷന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധി ന്യായം പരിശോധിച്ച ശേഷമാകും നടപടി. പ്രൊസിക്യൂഷന്‍ തെളിവുകള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് കോടതി നിരീക്ഷിച്ചത്. എന്നാല്‍ ഇതൊരു അന്തിമവിധിയല്ല. വിചാരണക്കോടതി വിധിയെ ചോദ്യം ചെയ്ത് പ്രൊസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കും.

വിധി അന്തിമമല്ലെന്നും മേല്‍ക്കോടതികൾ ഇനിയുമുണ്ടെന്നുമായിരുന്നു അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ബി സന്ധ്യ ഐപിഎസ് പ്രതികരിച്ചത്. അന്തിമ വിധി വരെ അതിജീവിതയ്ക്ക് ഒപ്പം അന്വേഷണ സംഘം ഉണ്ടാകും. ഗൂഢാലോചന കുറ്റം തെളിയിക്കല്‍ എപ്പോഴും ഒരു വെല്ലുവിളിയാണ്. മേല്‍ക്കോടതിയില്‍ എന്താണ് സംഭവിക്കുക എന്ന് നോക്കാമെന്നും അന്തിമ വിധി വരെ കാത്തിരിക്കാമെന്നും സന്ധ്യ പ്രതികരിച്ചു.

Content Highlights: dileep actress case chinmayi sripada against actress case attack verdict

To advertise here,contact us