അപമര്യാദയായി പെരുമാറിയെന്ന ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി; പി ടി കുഞ്ഞുമുഹമ്മദിനെതിരെ കേസ്

മുന്‍ എംഎല്‍എയും സിപിഐഎം സഹയാത്രികനുമാണ് പ്രതി

തിരുവനന്തപുരം: ഐഎഫ്എഫ്‌കെ സ്‌ക്രീനിങിനിടെ അപമര്യാദയായി പെരുമാറിയെന്ന ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതിയില്‍ സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദിനെതിരെ കേസ്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. സ്‌ക്രീനിങുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കാണെന്ന പേരില്‍ തലസ്ഥാനത്തെ ഒരു ഹോട്ടലില്‍ വിളിച്ചുവരുത്തി കടന്നുപിടിക്കാന്‍ ശ്രമം ഉണ്ടായെന്നായിരുന്നു പരാതി.

ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. ചലച്ചിത്ര പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് നേരിട്ട് നല്‍കിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു. മുന്‍ എംഎല്‍എയും സിപിഐഎം സഹയാത്രികനുമാണ് പ്രതി. ജൂറി ചെയര്‍മാനാണ് സംവിധായകനായ കുഞ്ഞുമുഹമ്മദ്.

എന്നാല്‍ പി ടി കുഞ്ഞുമുഹമ്മദ് ആരോപണം നിഷേധിച്ചു. ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും പരാതിക്കാരി തെറ്റിദ്ധരിച്ചതാകാമെന്നുമാണ് പി ടി കുഞ്ഞുമുഹമ്മദ് പ്രതികരിച്ചത്. മാപ്പ് പറയാന്‍ തയ്യാറാണെന്നും പി ടി കുഞ്ഞുമുഹമ്മദ് പറഞ്ഞു.

Content Highlight: case against Director PTK Mohamed

To advertise here,contact us