തിരുവനന്തപുരം: കേരള സർവകലാശാലയിലെ ജാതി അധിക്ഷേപ വിവാദത്തിൽ സംസ്കൃത വകുപ്പ് മേധാവി സി എൻ വിജയകുമാരിക്ക് മുൻകൂർ ജാമ്യം. കർശന ഉപാധികളോടെ നെടുമങ്ങാട് SC/ST കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. അടുത്ത മൂന്ന് ഞായറാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരാകണം, സമാന സംഭവങ്ങൾ ഉണ്ടാവരുതെന്നും നിർദേശിച്ചാണ് കോടതി ജാമ്യം അനുഭവിച്ചത്.
പിഎച്ച്ഡി വിദ്യാര്ത്ഥിയായ വിപിന് വിജയന്റെ പരാതിയിലായിരുന്നു സി എൻ വിജയകുമാരിക്കെതിരെ കേസെടുത്തത്. കേസിൽ വിജയകുമാരിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു.'നിനക്ക് എന്തിനാണ് ഡോക്ടര് എന്ന വാല്, നിനക്ക് വാലായി നിന്റെ ജാതിപ്പേര് ഉണ്ടല്ലോ' എന്ന് റിപ്പോര്ട്ടില് ഒപ്പിട്ട് നല്കുമോ എന്ന് ചോദിച്ച വിദ്യാര്ത്ഥിയോട് വകുപ്പ് മേധാവി പറഞ്ഞതായി എഫ്ഐആറില് വ്യക്തമാക്കിയിരുന്നു.
2015ല് വിപിന് എംഫില് പഠിക്കുമ്പോള് മുതല് വിജയകുമാരിയായിരുന്നു ഗൈഡ്. അന്ന് മുതല് വിപിനെ ജാതിക്കാര്യം പറഞ്ഞ് അധിക്ഷേപിക്കാറുണ്ടായിരുന്നു. പുലയനും പറയനും വന്നതോടെ സംസ്കൃതത്തിന്റെ മഹിമ നഷ്ടപ്പെട്ടെന്നും വിജയകുമാരി പറഞ്ഞതായി എഫ്ഐആറില് പറയുന്നു. നിന്നെ പോലുള്ള നീച ജാതിക്കാര് എത്ര ശ്രമിച്ചാലും സംസ്കൃതം പഠിക്കാനാവില്ല എന്ന് പ്രതി നിരന്തരം പറയുമായിരുന്നെന്നും വിദ്യാര്ത്ഥി കയറിയ റൂം അശുദ്ധമായി എന്ന് പറഞ്ഞ് ശുദ്ധീകരിക്കാന് വെള്ളം തളിക്കുമായിരുന്നെന്നും എഫ്ഐആറില് പറയുന്നുണ്ട്.
സംഭവത്തിൽ ഇടതുസംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോൾ സർവകലാശാലയിലെ ബിജെപി സിന്ഡിക്കറ്റ് അംഗങ്ങൾ വിജയകുമാരിയെ അനുകൂലിക്കുന്ന സമീപനമാണ് സ്വീകരിച്ചിരുന്നത്. ഡോ. സി എന് വിജയകുമാരിയുടെ വീട്ടില് ഭക്ഷണം വിളമ്പിക്കൊടുക്കുന്നത് ഒരു ദളിത് വ്യക്തിയാണെന്ന ബിജെപി സിൻഡിക്കേറ്റ് അംഗം ഡോ. വിനോദ് കുമാറിന്റെ പരാമർശം വലിയ വിവാദമാണ് ഉണ്ടാക്കിയത്. എന്നാല് ജാതി നോക്കിയല്ല പെരുമാറുന്നത് എന്ന് പറയാനാണ് ഉദ്ദേശിച്ചത് എന്നാണ് ബിജെപി സിന്ഡിക്കറ്റ് അംഗം ഡോ. പി എസ് ഗോപകുമാറും പ്രതികരിച്ചത്. തുടർന്ന് പരാതിക്കാരനെ കുറ്റപ്പെടുത്താനുള്ള ശ്രമവും ഉണ്ടായിരുന്നു.
ഇതിനിടെ ഡോ. സി എൻ വിജയകുമാരിയെ പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയുടെ പരമോന്നത സമിതിയായ കോർട്ടിലേയ്ക്കാണ് നിയമിക്കുകയും ചെയ്തിരുന്നു. രാഷ്ട്രപതിയാണ് വിജയകുമാരിലെ നാമനിർദ്ദേശം ചെയ്തത്. കേരളത്തിൽ നിന്ന് ആദ്യമായാണ് ഒരു അധ്യാപികയെ കോർട്ടിലേയ്ക്ക് നാമനിർദ്ദേശം ചെയ്യുന്നത്.
Content Highlights: Bail Given To CN Vijayakumari At Kerala University Caste Allegation Row