പ്രബലരായ ആണുങ്ങൾ പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോൾ ഇരകളാകുന്നവർ നിരന്തരം തോല്‍പ്പിക്കപ്പെടുകയാണ്: ദീദി ദാമോദരൻ

ഒരിക്കലും ജയിക്കാന്‍ പറ്റുന്നില്ലല്ലോയെന്ന തോന്നലാണെന്നും ദീദി ദാമോദരൻ പറഞ്ഞു

കോഴിക്കോട്: നടിയെ ആക്രമിച്ച കേസിലെ വിധിയില്‍ നിരാശയും വിഷമവുമുണ്ടെങ്കിലും അത്ഭുതമില്ലെന്ന് ചലച്ചിത്ര പ്രവര്‍ത്തക ദീദി ദാമോദരന്‍. പ്രബലരായ ആണുങ്ങള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഇരകളാകുന്നവര്‍ നിരന്തരം തോല്‍പ്പിക്കപ്പെടുകയാണ്. കേരള ചരിത്രത്തില്‍ മാതൃകാപരമായി ശിക്ഷിക്കപ്പെട്ട ഒരു കേസ് പോലുമില്ലെന്നും ദീദി ദാമോദരന്‍ പറഞ്ഞു.

'സൂര്യനെല്ലി കേസ് ആണെങ്കിലും ഐസ്‌ക്രീം പാര്‍ലര്‍ കേസ് ആണെങ്കിലും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് ആയാലും അങ്ങനെയാണ്. തോല്‍ക്കാനുള്ള പോരാട്ടമാണെന്ന് അതിജീവിതയോട് പറയുമ്പോള്‍ ഇതങ്ങനെയാവില്ല എന്നാണ് മറുപടി പറഞ്ഞിരുന്നത്. ആക്രമിക്കപ്പെടുമ്പോള്‍ പരാതിയായി പോകരുത് എന്ന പാഠമാണ് നല്‍കുന്നത്. വീണ്ടും വീണ്ടും തോല്‍പ്പിക്കപ്പെടുകയായിരുന്നു', ദീദി ദാമോദരന്‍ പറഞ്ഞു.

ഒരിക്കലും ജയിക്കാന്‍ പറ്റുന്നില്ലല്ലോയെന്ന തോന്നലാണ്. ഒരു കാരണവശാലും പരാതിയുമായി പോകേണ്ടതില്ലെന്നാണ് പെണ്‍കുട്ടികളോട് പറയാനുള്ളത്. മറ്റെന്തെങ്കിലും മാര്‍ഗങ്ങള്‍ നോക്കാമെന്നും ദീദി നിരാശയോടെ പറഞ്ഞു. വനിതാ ജഡ്ജിയായിട്ട് പോലും സ്ഥാനത്ത് നിന്നും മാറ്റണമെന്ന് അതിജീവിത ആവശ്യപ്പെട്ടെങ്കില്‍ മറ്റുതാല്‍പര്യങ്ങള്‍ ഇല്ലെങ്കില്‍ ആ സ്ഥാനത്ത് നിന്ന് മാറികൊടുക്കാവുന്നതല്ലേയുള്ളൂ. എന്നാല്‍ താന്‍ തന്നെ വിധിപറയുമെന്നായിരുന്നുവെന്നും ദീദി കൂട്ടിച്ചേര്‍ത്തു.

കേസില്‍ ഗൂഢാലോചനകുറ്റം തെളിയിക്കാന്‍ പ്രൊസിക്യൂഷന് കഴിയാത്തതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ കോടതി വെറുതെ വിട്ടത്. ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം, ആറാം പ്രതി പ്രദീപ് എന്നിവര്‍ എല്ലാ വകുപ്പുകളിലും കുറ്റക്കാരാണെന്നും കോടതി വിധിച്ചു. ബാക്കി പ്രതികളെയെല്ലാം വെറുതെ വിട്ടു. ദിലീപിനെ വെറുതെ വിട്ട കോടതി വിധിക്കെതിരെ പ്രൊസിക്യൂഷന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും.

Content Highlights: actress Case deedi damodaran Reaction over Verdict

To advertise here,contact us