പള്‍സര്‍ സുനി മുതൽ ദിലീപടക്കം ശരത് വരെ 10 പ്രതികള്‍; ക്രൂരകൃത്യം ഇവര്‍ നടപ്പിലാക്കിയത് ഇങ്ങനെ

പള്‍സര്‍ സുനി എന്ന സുനില്‍ എന്‍ എസ് ആണ് കേസിലെ ഒന്നാം പ്രതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക വിധി കാത്തിരിക്കുകയാണ് രാജ്യം.എട്ടാം പ്രതിയായ ദിലീപ് ഉള്‍പ്പെടെ പത്ത് പ്രതികള്‍ കുറ്റക്കാരാണോ എന്നും ഇതിലാരൊക്കെ ജയിലിലേക്ക് പോകുമെന്നും പതിനൊന്ന് മണിയോടെയറിയാം.

പള്‍സര്‍ സുനി എന്ന സുനില്‍ എന്‍ എസ് ആണ് കേസിലെ ഒന്നാം പ്രതി. കേസിലെ പ്രധാന പ്രതിയും കൃത്യം നിര്‍വ്വഹിച്ച സംഘത്തിന്റെ തലവനുമാണിയാള്‍. മുന്‍പ് ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ള ഇയാള്‍, സിനിമാ മേഖലയിലെ താരങ്ങളുടെ ഡ്രൈവറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മോഷണങ്ങളും ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളും സ്ഥിരം. പള്‍സര്‍ ബൈക്കുകള്‍ സ്ഥിരമായി മോഷ്ടിച്ചതിനാല്‍ പേര് പള്‍സര്‍ സുനിയായി.

മാര്‍ട്ടിന്‍ ആന്റണിയാണ് കേസിലെ രണ്ടാം പ്രതി. ആക്രമിക്കപ്പെട്ട നടിയുടെ വാഹനമോടിച്ചിരുന്ന ഡ്രൈവര്‍ ആയിരുന്നു ഇയാള്‍. കൃത്യത്തില്‍ പ്രതികള്‍ക്ക് സഹായം നല്‍കിയതായി ആരോപിക്കപ്പെടുന്നു. നടിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് സഞ്ചാര പാതയടക്കം കൃത്യമായി മാര്‍ട്ടിന്‍ കൂട്ടാളികളെ അറിയിച്ചു.

മൂന്നാം പ്രതി തമ്മനം മണിയെന്ന ബി മണികണ്ഠന്‍. ക്രിമിനല്‍ പശ്ചാത്തലമുള്ള ഇയാള്‍, ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ സുഹൃത്തും സഹായം നല്‍കിയ വ്യക്തിയുമാണ്. വാഹനത്തില്‍ വെച്ച് ആക്രമണത്തില്‍ പങ്കുചേര്‍ന്നയാള്‍. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തു, സുനിയെ സഹായിച്ചു. മദ്യപിച്ച് പ്രശ്‌നം ഉണ്ടാക്കിയതിനെ തുടര്‍ന്ന് നിരവധി തവണ പൊലീസ് മണികണ്ഠനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അടുത്തിടെ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.

നാലാം പ്രതി വി പി വിജീഷ് മൂന്നാം പ്രതി മണികണ്ഠന്റെ സുഹൃത്താണ്. ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയായ ഇയാള്‍ ക്വട്ടേഷന്‍ ഗുണ്ടയാണ്. വാഹനത്തില്‍ വെച്ച് ആക്രമണത്തില്‍ പങ്കുചേര്‍ന്നയാള്‍. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തു. പള്‍സര്‍ സുനിയുടെ കൂടെ ഒരുമിച്ചാണ് കോടതിയില്‍ കീഴടങ്ങാന്‍ എത്തിയത്.

വടിവാള്‍ സലിം എന്ന എച്ച് സലിമാണ് അഞ്ചാം പ്രതി. ആലപ്പുഴ സ്വദേശിയായ സലിമും ക്വട്ടേഷന്‍ ഗുണ്ടയാണ്. ഗൂഢാലോചനയിലും അക്രമണത്തിലും ഇയാള്‍ പങ്കാളിയായി.

ആറാം പ്രതി പ്രദീപ് പ്രതികള്‍ സഞ്ചരിച്ച ടെമ്പോ ട്രാവലറില്‍ ഇടക്ക് വന്നു കയറുകയായിരുന്നു. ഗൂഢാലോചനയിലും അക്രമണത്തിലും പങ്കാളിയായി.

ചാര്‍ലി തോമസ് ആണ് ഏഴാം പ്രതി. പ്രതികളെ കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചു.

നടന്‍ ദിലീപ് (പി ഗോപാലകൃഷ്ണന്‍) ആണ് കേസിലെ എട്ടാം പ്രതി. ആദ്യം ഏഴാം പ്രതിയായിട്ടാണ് ചേര്‍ക്കപ്പെട്ടതെങ്കിലും, നിലവില്‍ എട്ടാം പ്രതിയാണ്. ക്രിമിനല്‍ ഗൂഢാലോചനയിലെ മുഖ്യ സൂത്രധാരന്‍ എന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തി. കൃത്യം നടത്താന്‍ ഗൂഢാലോചന നടത്തുകയും അതിന് പണം നല്‍കുകയും ചെയ്തു.

മേസ്തിരി സനല്‍ എന്ന സനില്‍കുമാര്‍ ആണ് കേസിലെ ഒമ്പതാം പ്രതി. പ്രതികളെ ജയിലില്‍ സഹായിച്ചു. അപ്പുണ്ണിയുമായും നാദിര്‍ഷയുമായും ഫോണില്‍ സംസാരിക്കാന്‍ സഹായം നല്‍കിയത് ഇയാളാണ്.

ദിലീപിന്റെ അടുത്ത സുഹൃത്തും ഹോട്ടല്‍ വ്യവസായിയുമായ ശരത് ജി നായരാണ് പത്താം പ്രതി. തെളിവ് നശിപ്പിക്കല്‍ കുറ്റമാണ് ശരത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

Content Highlights:actress attack case verdict today at 11 am

To advertise here,contact us