തിരുവനന്തപുരം: ലൈംഗിക പീഡന കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ജോസ്, റെക്സ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് അതിര്ത്തിയിലെ ബാഗല്ലൂരിലെ ഒളിവ് സങ്കേതത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് രാഹുലിനെ എത്തിച്ചത് ഇവരാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. രക്ഷപ്പെടാൻ ഉപയോഗിച്ച ഫോര്ച്യൂണര് കാറും പൊലീസ് പിടിച്ചെടുത്തു.
ഇരുവരെയും കസ്റ്റഡിയിൽ എടുത്ത ശേഷം നോട്ടീസ് നൽകി വിട്ടയച്ചിരുന്നു. മലയാളിയായ ജോസ് വർഷങ്ങളായി ബെംഗളൂരുവിലാണ് താമസം. കേരളത്തിലെയും ബെംഗളൂരുവിലെയും കോൺഗ്രസ് നേതാക്കളുമായി റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന ജോസിന് അടുത്ത ബന്ധമാണുള്ളത്. രാഹുലിനെ ഒളിവിൽ പോകാനായി കർണാടകയിൽ എല്ലാ സഹായവും ചെയ്തത് ജോസായിരുന്നു. ബെംഗളൂരുവിൽ സഹായം നൽകിയയാളാണ് അറസ്റ്റിലായ റെക്സ്.
അതേസമയം ബലാത്സംഗക്കേസിൽ പതിനൊന്നാം ദിനവും ഒളിവിൽ തുടരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം. ആദ്യകേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെയാണ് പൊലീസ് തീരുമാനം.
രണ്ടാമത്തെ കേസിൽ അതിജീവിതയുടെ മൊഴിയെടുത്ത ശേഷമായിരിക്കും തുടർനടപടികൾ. അറസ്റ്റ് ചെയ്തില്ലെങ്കിലും നിരീക്ഷണം ഉറപ്പുവരുത്താനാണ് എസ്ഐടിയുടെ നീക്കം. രാഹുലിനെ സഹായിച്ചവരെയും നിരീക്ഷണത്തിൽ നിർത്തും.
Content Highlight : Two arrested for helping Rahul Mamkootathil hide in Bengaluru