അറസ്റ്റ് ഭയന്ന കാവ്യ മാധവന്‍: അവസാനം വരെ ചോദ്യശരങ്ങളുടെ മുനയില്‍: പിടി തരാതിരുന്ന ആ 'മാഡം' ആര്?

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് പ്രതിയായതോടെ കാവ്യാ മാധവന്‍റെ പേരും പലപ്പോഴും അന്വേഷണ പരിധിയില്‍ വന്നിരുന്നു

1 min read|07 Dec 2025, 08:45 pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന് പിന്നിലെ പ്രധാന കാരണം 'ദിലീപ്-കാവ്യ ബന്ധം' ആണെന്നാണ് പ്രോസിക്യൂഷന്‍ വാദം. കാവ്യ മാധവനുമായി ദിലീപിനുള്ള ബന്ധം നടി മഞ്ജു വാര്യറോട് പറഞ്ഞത് ക്വട്ടേഷനിലേക്ക് നയിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ചുള്ള വ്യക്തമായ ചില തെളിവുകളും അന്വേഷണം സംഘം കോടതി മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് പ്രതിയായതോടെ കാവ്യാ മാധവന്‍റെ പേരും പലപ്പോഴും അന്വേഷണ പരിധിയില്‍ വന്നിരുന്നു. ഒരു ഘട്ടത്തില്‍ കാവ്യയേയും കേസില്‍ പ്രതിചേർത്തേക്കുമെന്ന തരത്തിലുള്ള പ്രചരണവും ശക്തമായിരുന്നു. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാർഡ് പിടിയിലാകുന്നതിന് മുന്‍പ് മാഡത്തിന് കൈമാറി എന്ന മൊഴി പള്‍സർ സുനി പൊലീസിന് നല്‍കിയിരുന്നു. സംഭവത്തിന് പിന്നാലെ കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥാപനത്തില്‍ റെയിഡ് നടത്തുകയും ചെയ്തു. ഇതോടെ 'മാഡം' കാവ്യാ മാധവനാണെന്ന അഭ്യൂഹം ശക്തമായെങ്കിലും വിധി പറയാനിരിക്കേയും 'മാഡം' ആരാണെന്ന് കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചില്ല.

മാഡം കാവ്യ മാധവനെന്ന് പള്‍സർ

മാഡം ഒരു സിനിമ നടിയാണെന്നായിരുന്നു 2017 ആഗസ്റ്റില്‍ പള്‍സർ സുനി നടത്തിയ പ്രതികരണം. അടുത്ത ദിവസം തന്നെ പേര് മാഡത്തിന്‍റെ പേര് വെളിപ്പെടുത്തുമെന്നും അദ്ദേഹം അന്ന് പറഞ്ഞു. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം 2018 മെയ് മാസത്തിലാണ് നടി ആക്രമിക്കപ്പെട്ട കേസിലെ മാഡം കാവ്യ മാധവനാണെന്ന് പള്‍സർ സുനി ആദ്യമായി അവകാശപ്പെടുന്നത്. മാഡം പരാമർശം സാങ്കല്‍പ്പികമാണെന്ന പോലീസ് നിലപാട് തള്ളിക്കൊണ്ട്, കോടതിയില്‍ ഹാജരാക്കുന്നതിനിടെ മാധ്യമങ്ങളോടായിരുന്നു പള്‍സർ സുനിയുടെ പ്രതികരണം.

യഥാർത്ഥത്തില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ മാഡം എന്നൊരാള്‍ ഉണ്ടെന്ന് ആദ്യം വെളിപ്പെടുത്തുന്നത് അഭിഭാഷകനായ ഫെനി ബാലകൃഷ്ണനാണ്. കേസിന്‍റെ ആവശ്യത്തിനായി തന്നെ വന്ന് കണ്ടവരാണ് ഒരു മാഡത്തെക്കുറിച്ച് പറഞ്ഞതെന്നായിരുന്നു ഫെനിയുടെ മൊഴി. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു മാഡം സിനിമ മേഖലയില്‍ നിന്നുള്ള വ്യക്തിയാണെന്ന പള്‍സർ സുനിയുടെ പ്രതികരണം. എന്നാല്‍ മാഡം എന്നൊരാള്‍ ഇല്ലെന്നും അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായിരുന്നു ഈ നീക്കമെന്നുമാണ് പൊലീസ് നിലപാട്.

അന്വേഷണവുമായി ബന്ധപ്പെട്ട് കാവ്യയെ പലതവണ ചോദ്യം ചെയ്യുകയുമുണ്ടായി. അപ്പോഴൊക്കെ പള്‍സർ സുനിയെ അറിയില്ലെന്നായിരുന്നു നടിയുടെ വാദം. എന്നാല്‍ കാവ്യാ മാധവനുമായി തനിക്ക് പരിചയമുണ്ടെന്ന് പള്‍സർ സുനി തുറന്ന് പറഞ്ഞു. 'തന്നെ അറിയില്ലെന്ന് കാവ്യ മാധവന്‍ പറയുന്നത് ശരിയല്ല. കാവ്യക്ക് താനുമായി പരിചയമുണ്ട്. പലപ്പോഴും പണം തന്നിട്ടുണ്ട്' കുന്ദംകുളം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്ന ഘട്ടത്തില്‍ പള്‍സർ സുനി പറഞ്ഞു.

ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തല്‍, കാവ്യ വീണ്ടും സംശയ നിഴലില്‍

ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെയും കാവ്യ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ബാലചന്ദ്രകുമാർ നല്‍കിയ ഓഡിയോ ക്ലിപ്പുകളുടെ അടിസ്ഥാനത്തിലായിരുന്നു കാവ്യയെ ചേദ്യം ചെയ്യലിനായി വിളിപ്പിച്ചത്. സഹോദരി ഭർത്താവ് സുരജിന്‍റെ ഫോണില്‍ നിന്ന് ലഭിച്ച ഓഡിയോ ക്ലിപ്പിലും പൊലീസിന് വ്യക്തത വേണ്ടിയിരുന്നു. കാവ്യ സുഹൃത്തുക്കൾക്ക് കൊടുക്കാൻ വച്ചിരുന്ന പണി ദിലീപ് ഏറ്റെടുത്തുവെന്ന് സുരജ് പറയുന്നതായിരുന്നു ഓഡിയോ ക്ലിപ്പിലുണ്ടായിരുന്നത്.

അറസ്റ്റ് ഭയന്ന കാവ്യ മാധവന്‍

അന്വേഷണം പുരോഗമിക്കുന്നതിനിടെ തുടക്കത്തില്‍ കാവ്യ മാധവന്‍ അറസ്റ്റ് ഭയന്നിരുന്നു. ഇതോടെ മുന്‍കൂർ ജാമ്യത്തിനുള്ള നീക്കവും കാവ്യയുടെ ഭാഗത്ത് നിന്നുണ്ടായി. സുനിയുടെ മൊഴി അടിസ്ഥാനമാക്കി മാഡം എന്നൊരു കഥാപാത്രത്തെ കൃത്രിമമായി ഉണ്ടാക്കാന്‍ ശ്രമമുണ്ടെന്നും അത് താനാണെന്ന് വരുത്തി തീർക്കാനാണ് നീക്കമെന്നും കാണിച്ചായിരുന്നു കാവ്യ മാധവന്‍ മുന്‍കൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.

നടിയെ അറസ്റ്റ് ചെയ്യാന്‍ ഉദ്ദേശമില്ലെന്ന് അന്വേഷണം സംഘം അറിയിച്ചതിനെ തുടർന്ന് കാവ്യ മാധവന് മുന്‍കൂർ ജാമ്യം വേണ്ടെന്ന് തീരുമാനത്തിലേക്ക് കോടതി എത്തുകയായിരുന്നു. അന്വേഷണത്തിന്‍റെ അവസാന ഘട്ടം വരേയും കാവ്യയുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം നടന്നെങ്കിലും വ്യക്തമായ തെളിവുകള്‍ കണ്ടെത്താന്‍ പൊലീസിന് സാധിച്ചില്ല. ഇതോടെ കാവ്യ മാധവന്‍ കേസില്‍ പ്രതിചേർക്കപ്പെട്ടുമില്ല. അപ്പോഴും പള്‍സർ സുനി പറഞ്ഞ ആ മാഡം ആരെന്ന ചോദ്യം ബാക്കിയാകുകയാണ്.

Content Highlights: Dileep Actress Case: Kavya Madhavan Fears Arrest, Remaining Under Suspicion Until the End

To advertise here,contact us