തിരുവനന്തപുരം: രണ്ടാമത്തെ ബലാത്സംഗക്കേസിലും മുന്കൂര് ജാമ്യം തേടി രാഹുല് മാങ്കൂട്ടത്തില് എംഎല്എ. തിരുവനന്തപുരം ജില്ലാ സെഷന്സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്കിയത്. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ഉപഹര്ജിയും നല്കി. പരാതി രാഷ്ട്രീയപ്രേരിതമാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് രാഹുല് മാങ്കൂട്ടത്തിലിനെതിരേ രജിസ്റ്റര് ചെയ്ത ആദ്യത്തെ കേസില് ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് പിന്നാലെയാണ് രണ്ടാമത്തെ കേസിലും മുന്കൂര്ജാമ്യാപേക്ഷ നല്കിയിരിക്കുന്നത്. മറ്റൊരു യുവതി കൂടി രാഹുലിനെതിരേ പരാതി നല്കിയിരുന്നു. ഇതില് എഫ്ഐആര് രജിസ്റ്റര് ചെയ്തിട്ടുമുണ്ട്. ഈ കേസില് പൊലീസിന് എംഎല്എയെ അറസ്റ്റ് ചെയ്യാമെന്ന സാഹചര്യം നിലനില്ക്കെയാണ് മുന്കൂര് ജാമ്യം തേടിയത്. ഹര്ജി ഉടന് പരിഗണിക്കുമെന്നാണ് വിവരം.
ആദ്യകേസിൽ അറസ്റ്റ് തടഞ്ഞുള്ള ഹര്ജി ഡിസംബര് 15 നാണ് വീണ്ടും പരിഗണിക്കുക. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തോടും പൊലീസിനോടും കോടതി റിപ്പോര്ട്ട് തേടിയിട്ടുണ്ട്. മുന്കൂര് ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്സിപ്പല് സെഷന്സ് കോടതി തള്ളിയതോടെയാണ് രാഹുല് ഹൈക്കോടതിയെ സമീപിച്ചത്.
വിവാഹവാഗ്ദാനം നല്കി ഹോംസ്റ്റേയില് എത്തിച്ച് പീഡിപ്പിച്ചുവെന്നായിരുന്നു രാഹുലിനെതിരായ രണ്ടാമത്തെ പരാതി. ഗര്ഭം ധരിക്കാന് രാഹുല് നിര്ബന്ധിച്ചുവെന്നും പൊലീസില് പരാതി നല്കാത്തത് ഭയം കാരണമെന്നും യുവതി പരാതിയില് പറയുന്നുണ്ട്. രാഹുലും സുഹൃത്ത് ഫെന്നി നൈനാനും ചേര്ന്ന് കാറില് ഹോം സ്റ്റേയില് എത്തിച്ചെന്നും ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്നുമാണ് പരാതി. കേസില് ഫെനി നൈനാനും പ്രതിയാണ്.
Content Highlights: Rahul Mamkootathil seeks Anticipatory Bail in second case