ദേശീയപാത തകര്‍ന്നത് സര്‍ക്കാരിന്റെ പിടലിക്കിടേണ്ട; ഉത്തരവാദി ദേശീയപാത അതോറിറ്റി: മുഖ്യമന്ത്രി

റോഡ് നിര്‍മ്മിക്കുമ്പോള്‍ അതിന്റെ ഡിസൈന്‍ മുതല്‍ നിര്‍വഹിക്കുന്നത് ദേശീയ പാത അതോറിറ്റിയാണെന്നും മുഖ്യമന്ത്രി

തൃശ്ശൂര്‍: കൊല്ലം കൊട്ടിയത്ത് ദേശീയപാത 66 ന്റെ ഭിത്തി ഇടിയുകയും റോഡ് തകരുകയും ചെയ്തതില്‍ പ്രതികരിച്ച് മുഖ്യമന്ത്രി. ദേശീയ പാത തകര്‍ന്നത് സര്‍ക്കാരിന്റെ പിടലിക്കിടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

'കേരള സര്‍ക്കാരിന്റെ തലയിലിടാന്‍ ഒരു വഴിയുമില്ല. ദേശീയപാതയുടെ എല്ലാ കാര്യങ്ങളും നിര്‍വ്വഹിക്കുന്നത് ദേശീയ പാത അതോറിറ്റിയാണ്. അതിന് കൃത്യമായ സംവിധാനമുണ്ട്. ആ സംവിധാനത്തിലുണ്ടായ പാളിച്ചയാണ് നമ്മുടെ നാട്ടിലെ അനുഭവം. അതാണ് അതോറിറ്റിയെ ചൂണ്ടിക്കാട്ടുന്നത്', മുഖ്യമന്ത്രി പറഞ്ഞു.

റോഡ് നിര്‍മ്മിക്കുമ്പോള്‍ അതിന്റെ ഡിസൈന്‍ മുതല്‍ നിര്‍വഹിക്കുന്നത് ദേശീയ പാത അതോറിറ്റിയാണ്. ദേശീയ പാതയുടെ കാര്യത്തില്‍ പൊതുമരാമത്ത് വകുപ്പിന് ഒന്നും ചെയ്യാന്‍ സാധിക്കില്ല. ഒരിടത്തെ പ്രശ്‌നം കണ്ട് ദേശീയപാത ആകെ തകരാറിലായി എന്ന് കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞ് താഴ്ന്നത്. സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മൈലക്കാട് പാലത്തിന് സമീപം അപ്രോച്ച് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ട് ദേശീയപാത ഇടിഞ്ഞുവീഴുകയായിരുന്നു. ഈസമയം സര്‍വീസ് റോഡില്‍ സ്‌കൂള്‍ വാഹനം അടക്കമുള്ള നിരവധി വാഹനങ്ങളുണ്ടായിരുന്നു. ഇവരെ പിന്നീട് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.

Content Highlights: pinarayi vijayan Reaction over national highway collapse at kollam

To advertise here,contact us