ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കർണാടക സർക്കാരിനെതിരെ ജോൺ ബ്രിട്ടാസ് എംപി. രാഹുലിനെ എവിടെയാണ് ഒളിപ്പിച്ചതെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്ന് ബ്രിട്ടാസ് പറഞ്ഞു. രാഹുൽ കർണാടകയിലാണെന്ന് മാധ്യമങ്ങൾ പറയുന്നു. കർണാടകയിൽ കോൺഗ്രസിന്റെ ഭരണമാണ്. ഒരു സംസ്ഥാന സർക്കാരിന്റെ സർവ്വസന്നാഹം ഒരു വ്യക്തിക്ക് കവചം ഒരുക്കുകയാണെങ്കിൽ പൊലീസിന് ഒന്നും ചെയ്യാൻ സാധിക്കില്ല. അധികാര വലയങ്ങള് മറികടന്ന് രാഹുലിനെ എങ്ങനെ പിടികൂടും. കേരള പൊലീസിന് ഒളിച്ചു പോയി ചെയ്യാൻ കഴിയില്ല, ജോൺ ബ്രിട്ടാസ് പറഞ്ഞു.
ബലാത്സംഗക്കേസിൽ രാഹുൽ കർണാടകയിൽ ഒളിവിൽ കഴിയുകയാണെന്നും കർണാടകയിലെ വൻ സ്വാധീനമാണ് അദ്ദേഹത്തെ പിടികൂടാൻ തടസ്സമെന്നും പൊലീസ് പറഞ്ഞിരുന്നു. രാഹുലിന് കർണാടകയിൽ രാഷ്ട്രീയ സഹായം ലഭിക്കുന്നുണ്ടെന്നും കോൺഗ്രസ് നേതാവിന്റെ ഫാം ഹൗസിലാണ് രാഹുൽ ഉള്ളതെന്നും സൂചനയുണ്ടായിരുന്നു.ഇതിനിടെയാണ് ബ്രിട്ടാസിന്റെ പ്രതികരണം.
അതേസമയം സർക്കാരും എയർലൈൻസ് കമ്പനികളും ചേർന്ന് ഒത്തുകളിച്ച് ഉണ്ടാക്കിയ പ്രതിസന്ധിയാണിപ്പോഴുണ്ടായതെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. വിമാനം റദ്ദാക്കിയ ഇൻഡിഗോ പോലും ഇതിൽനിന്ന് വൻ തുക സമ്പാദിക്കും. ടാറ്റാ കമ്പനി നേരത്തെ 757 കോടി രൂപ ബിജെപിക്ക് സംഭാവന ചെയ്തിരുന്നു. അങ്ങനെ സംഭാവന നൽകിയ ടാറ്റയുടെ ഒരു കമ്പനിക്ക് യാത്രക്കാരെ പിഴിഞ്ഞ് കോടികൾ കൈക്കലാക്കാനുള്ള അവസരമാണ് കേന്ദ്ര സർക്കാർ ഒരുക്കിക്കൊടുത്തത്. സർക്കാർ ബോധപൂർവ്വം എയർലൈൻ കമ്പനികളുമായി ചേർന്ന് സൃഷ്ടിച്ച വലിയ ആകാശക്കൊള്ളയാണിത്. ഇതേ കുറിച്ച് സംയുക്ത പാർലമെന്ററി സമിതിയോ ജുഡീഷ്യൽ അന്വേഷണമോ വേണമെന്നാണ് ആവശ്യമെന്നും ബ്രിട്ടാസ് പറഞ്ഞു.
Content Highlights: John Brittas against Karnataka government on Rahul Mamkootathil issue