തിരുവനന്തപുരം: രണ്ടാമത്തെ പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടയാതെ കോടതി. മൂൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. തിരുവനന്തപുരം ജില്ലാ സെഷന്സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. അറസ്റ്റ് തടയണമെന്ന് രാഹുൽ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. പരാതി രാഷ്ട്രീയപ്രേരിതമാണെന്ന വാദമാണ് പ്രതിഭാഗം ഉയർത്തിയത്. രാഷ്ട്രീയ പ്രാധാന്യമുള്ള കേസ് ആണിതെന്നും അറസ്റ്റ് തടയണമെന്നും രാഹുലിന്റെ അഭിഭാഷകന് ആവശ്യപ്പെട്ടു.
പരാതിക്കാരിയുടെ പേരോ സംഭവസ്ഥലമോ വ്യക്തമല്ലെന്നും പ്രതിഭാഗം അഭിഭാഷകന് ചൂണ്ടിക്കാട്ടി. ഇ മെയില് ഐഡിയിലും പേര് വ്യക്തമാക്കിയിട്ടില്ല. സംഭവത്തെക്കുറിച്ച് യാതൊരു പരാമര്ശവും ഇല്ലാതെയാണ് പരാതി നല്കിയത്. തെരഞ്ഞെടുപ്പ് കാലത്ത് വന്ന പരാതിയാണെന്നും രാഹുലിന്റെ അഭിഭാഷകന് വാദിച്ചു. എന്നാല് രാഹുല് അംഗമായ പാര്ട്ടിയുടെ അധ്യക്ഷനാണ് പരാതി ഡിജിപിക്ക് കൈമാറിയതെന്നും റിപ്പോര്ട്ട് പരിഗണിക്കാതെ അറസ്റ്റ് തടയരുതെന്നും പ്രോസിക്യൂഷന് വാദിച്ചു. തുടര്ന്ന് ലൈംഗിക അതിക്രമക്കേസില് കാലതാമസം ബാധകമല്ലെന്നും സീറോ എഫ്ഐആര് രജിസ്റ്റര് ചെയ്യാമല്ലോയെന്നും കോടതി നിരീക്ഷിച്ചു.
ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് രാഹുല് മാങ്കൂട്ടത്തിലിനെതിരേ രജിസ്റ്റര് ചെയ്ത ആദ്യത്തെ കേസില് ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് പിന്നാലെയായിരുന്നു രണ്ടാമത്തെ കേസിലും മുന്കൂര്ജാമ്യാപേക്ഷ നല്കിയത്. 23 കാരിയായ യുവതി കൂടി രാഹുലിനെതിരേ പരാതി നല്കിയിരുന്നു. ഇതില് എഫ്ഐആര് രജിസ്റ്റര് ചെയ്തിട്ടുമുണ്ട്. ഈ കേസില് പൊലീസിന് എംഎല്എയെ അറസ്റ്റ് ചെയ്യാമെന്ന സാഹചര്യം നിലനില്ക്കെയായിരുന്നു മുന്കൂര് ജാമ്യം തേടിയത്.
ആദ്യകേസിൽ അറസ്റ്റ് തടഞ്ഞുള്ള ഹര്ജി ഡിസംബര് 15 നാണ് വീണ്ടും പരിഗണിക്കുക. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തോടും പൊലീസിനോടും കോടതി റിപ്പോര്ട്ട് തേടിയിട്ടുണ്ട്. മുന്കൂര് ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്സിപ്പല് സെഷന്സ് കോടതി തള്ളിയതോടെയാണ് രാഹുല് ഹൈക്കോടതിയെ സമീപിച്ചത്.
വിവാഹവാഗ്ദാനം നല്കി ഹോംസ്റ്റേയില് എത്തിച്ച് പീഡിപ്പിച്ചുവെന്നായിരുന്നു രാഹുലിനെതിരായ രണ്ടാമത്തെ പരാതി. ഗര്ഭം ധരിക്കാന് രാഹുല് നിര്ബന്ധിച്ചുവെന്നും പൊലീസില് പരാതി നല്കാത്തത് ഭയം കാരണമെന്നും യുവതി പരാതിയില് പറയുന്നുണ്ട്. രാഹുലും സുഹൃത്ത് ഫെന്നി നൈനാനും ചേര്ന്ന് കാറില് ഹോം സ്റ്റേയില് എത്തിച്ചെന്നും ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്നുമാണ് പരാതി. കേസില് ഫെനി നൈനാനും പ്രതിയാണ്.
Content Highlights: Court does not stay Rahul Mamkootatil's arrest over second case