'കൂടെയുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകന്‍ 25,000 രൂപയും മോതിരവും മോഷ്ടിച്ചു'; ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥി

യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍ വിജയനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി കരുതിവച്ച പണം കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മോഷ്ടിച്ചെന്ന് ആരോപണം. പോത്തന്‍കോട് അയിരൂപ്പാറയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍ വിജയനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. വീട്ടില്‍ നിന്നും 25,000 രൂപയും മോതിരവും മോഷണം പോയെന്നാണ് പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആർ വിജയന്‍ ആരോപിക്കുന്നത്.

'കുറ്റകൃത്യം ചെയ്തത് ആരാണെന്ന് എനിക്ക് കൃത്യമായി അറിയാം. അടുത്തുള്ള സിസിടിവിയില്‍ ആളുടെ ദൃശ്യങ്ങള്‍ പെട്ടിട്ടുണ്ട്. എന്നാല്‍, അതിന്റെ അടിസ്ഥാനത്തില്‍ മാത്രം അയാളെ പ്രതിയാക്കാന്‍ കഴിയില്ലെന്നാണ് പൊലീസ് പറയുന്നത്.' ആര്‍ വിജയന്‍ പറഞ്ഞു.

'ഇന്ന് സ്‌ക്വാഡ് പ്രവര്‍ത്തനത്തിന് പോകാനും അനൗണ്‍സ്‌മെന്റ് നടത്താനും മറ്റുമായി കരുതിയിരുന്ന പണമാണ് അത്. കൂടാതെ ഒരു സ്വര്‍ണ മോതിരവും കളവ് പോയിട്ടുണ്ട്. നേരത്തേയും മോഷണങ്ങള്‍ നടത്തിയിട്ടുള്ള ആള്‍ തന്നെയാണ് ഇയാള്‍.' യുഡിഎഫ് സ്ഥാനാർത്ഥി കൂട്ടിച്ചേർത്തു.

Content Highlight; 'Congress leader who was with me stole Rs 25,000 and a ring'; UDF candidate alleges

To advertise here,contact us