പാർട്ടി കീഴ്‌വഴക്കത്തിന് എതിര്; രാജീവ് ചന്ദ്രശേഖറിന്‍റെ സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥിത്വത്തിൽ BJPയിൽ അതൃപ്തി

നേമത്ത് ഇത്തവണ മത്സരിക്കുമെന്നാണ് രാജീവ് ചന്ദ്രശേഖർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്

കോഴിക്കോട്: നേമത്ത് സ്ഥാനാർത്ഥിയാകുമെന്ന സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ പ്രഖ്യാപനത്തിൽ ബിജെപിയിൽ അതൃപ്തി. പാർട്ടിയുടെ കീഴ്‌വഴക്കത്തിന് എതിരാണ് പ്രഖ്യാപനമെന്നാണ് ഉയരുന്ന പ്രധാന വിമർശനം.

സംസ്ഥാന അധ്യക്ഷൻ പാർട്ടിയുടെ രീതികൾ തെറ്റിച്ചു. കേന്ദ്രപാർലമെന്ററി ബോർഡാണ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുക. വ്യക്തികളല്ല, പാർട്ടിയുടെ രീതികളാണ് പ്രധാനം എന്നാണ് ഒരു വിഭാഗം നേതാക്കളുടെ പരാതി.

സംസ്ഥാന നിയമസഭാ ചരിത്രത്തിൽ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്ന നേമത്ത് ഇത്തവണ മത്സരിക്കുമെന്നാണ് രാജീവ് ചന്ദ്രശേഖർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. നേമം തനിക്ക് പ്രിയപ്പെട്ട മണ്ഡലമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്ക് ശേഷം ബിജെപിയുടെ കേന്ദ്ര പാർലമെന്ററി ബോർഡ് പ്രഖ്യാപനം നടത്തുന്നതാണ് ബിജെപിയിലെ രീതി. എന്നാൽ പതിവ് രീതിക്ക് വിപരീതമായി സംസ്ഥാന അധ്യക്ഷൻ തന്റെ സ്ഥാനാർത്ഥിത്വം സ്വയം പ്രഖ്യാപിക്കുകയായിരുന്നു. വിഷയത്തിൽ പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കടക്കം കടുത്ത അമർഷമുണ്ട്. പാർട്ടി രീതികൾക്ക് വിരുദ്ധമാണ് പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്ഥാനാർത്ഥി നിർണയം പോലും പാർട്ടി രീതികൾ അനുസരിച്ചാണ് നടന്നത്. പാർട്ടിയുടെ രീതികളാണ് പ്രധാനം അല്ലാതെ വ്യക്തികളല്ല എന്ന കാര്യം രാജീവ് ചന്ദ്രശേഖർ മറന്നുവെന്നും നേതാക്കൾ ഉന്നയിക്കുന്നുണ്ട്.

Content Highlights: BJP Nemam candidacy controversy; leaders against Rajeev Chandrasekhar

To advertise here,contact us