തിരുവനന്തപുരം: ഭൂരിഭാഗം മുസ്ലിങ്ങളും അംഗീകരിക്കാത്ത ജമാഅത്തെ ഇസ്ലാമിയുമായി നാല് വോട്ടിന് വേണ്ടി യുഡിഎഫ് സഖ്യമുണ്ടാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോണ്ഗ്രസ് അവരുമായി സഖ്യത്തിന് തയ്യാറായെന്നും മുസ്ലിം ലീഗ് അതിന് കുടപിടിച്ച് നില്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നാല് വോട്ടിന് വേണ്ടി നാടിന്റെ സമാധാനവും മതനിരക്ഷേപ പാരമ്പര്യവും യുഡിഎഫ് പണയംവയ്ക്കുകയാണെന്നും പിണറായി വിജയന് പറഞ്ഞു.
'ജമാഅത്തെ ഇസ്ലാമി കേരളത്തിന്റെ മതേതരത്വത്തില് ഇടപെട്ടുകൊണ്ടിരിക്കുകയാണ്. കേരളത്തില് മാത്രം പ്രവര്ത്തിക്കുന്ന സംഘടനയാണെന്ന് പറയാന് സാധിക്കില്ല. ഈ തെരഞ്ഞെടുപ്പില് ജമാഅത്തെ ഇസ്ലാമിയുമായി പരസ്യമായി സഖ്യത്തിന് തയ്യാറായിരിക്കുകയാണ് യുഡിഎഫും കോണ്ഗ്രസും. കേരളത്തിലെ മുസ്ലിം ജനങ്ങളില് പ്രധാനപ്പെട്ട വിഭാഗങ്ങള് സുന്നി, മുജാഹിദ് ആണ്. അത് കഴിഞ്ഞാല് നാമമാത്രമായവരാണ് ബാക്കിയുളളത്. ഇവര് അംഗീകരിക്കാത്ത കൂട്ടരാണ് ജമാഅത്തെ ഇസ്ലാമി. ജമാഅത്തെ ഇസ്ലാമി മറ്റ് വിഭാഗങ്ങള് പ്രവര്ത്തിക്കുന്നത് പോലെയല്ല പ്രവര്ത്തിക്കുന്നത്. അവരുമായി കൂട്ടുപിടിക്കുക എന്നത് ആത്മഹത്യാപരമായ നിലപാടാണ് കോണ്ഗ്രസിനെ സംബന്ധിച്ചിടത്തോളം. യുഡിഎഫിന് വോട്ട് ചെയ്യുന്ന മുസ്ലിങ്ങള്ക്ക് ജമാഅത്തെ ഇസ്ലാമി മുന്നോട്ടുവയ്ക്കുന്ന നയവും രാഷ്ട്രീയവും ഉള്ക്കൊളളാന് കഴിയില്ല. എന്നിട്ടും നാല് വോട്ട് കിട്ടുമെങ്കില് അതിന് വേണ്ടി ജമാഅത്തെ ഇസ്ലാമിയുമായി അവിശുദ്ധ സഖ്യത്തിന് കോണ്ഗ്രസ് തയ്യാറായി', മുഖ്യമന്ത്രി പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയുടെ ആപത്ത് തിരിച്ചറിയുന്ന കോണ്ഗ്രസുകാരുള്പ്പെടെയുണ്ടെന്നും ഹിന്ദുത്വ എങ്ങനെയാണോ ഹിന്ദു മതരാഷ്ട്ര വാദത്തെ ഉയര്ത്തിപ്പിടിക്കുന്നത് അതുപോലെയാണ് ഇസ്ലാമിക രാഷ്ട്രനിര്മാണം ജമാഅത്തെ ഇസ്ലാമി ക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 'ഹിന്ദുത്വയ്ക്ക് ഹിന്ദു വിശ്വാസവുമായി ഒരു ബന്ധവുമില്ല അതുപോലെ ജമാഅത്തെ ഇസ്ലാമിപോലുളളവര് ഇസ്ലാം വിശ്വാസികളുമായി ഒരു ബന്ധവുമില്ലാത്തവരാണ്. ഇന്ത്യന് ഭരണഘടനയും മതനിരപേക്ഷതയും ബഹുസ്വരതയും അംഗീകരിക്കുന്ന മുസ്ലീങ്ങള് ഇസ്ലാമിന് പുറത്താണ് എന്നാണ് മൗദൂദി നേരത്തെ പറഞ്ഞത്. മതഭരണകൂടം സ്ഥാപിക്കണമെന്നും അതിനായി രക്തസാക്ഷിയാവണം എന്നുമാണ് മൗദൂദി പറഞ്ഞത്. മൗദൂദിയന് ആശയങ്ങള് ഇസ്ലാമിക വിരുദ്ധമാണ് എന്ന് പറഞ്ഞത് ഇസ്ലാം മതപണ്ഡിതന്മാര് തന്നെയാണ്. അവര് ഉറച്ച സ്വരത്തിലാണ് ഇസ്ലാമിക വിരുദ്ധമാണെന്ന് വ്യക്തമാക്കിയത്. എങ്ങനെയെങ്കിലും നാല് വോട്ട് കിട്ടണം. ആ അജണ്ടയില് നാടിന്റെ സമാധാനവും മതനിരക്ഷേപ പാരമ്പര്യവും യുഡിഎഫ് പണയംവയ്ക്കുകയാണ്. അതിന് ലീഗ് അണികളില് ഭൂരിഭാഗവും എതിരാണെങ്കിലും ലീഗ് കുടപിടിച്ച് നില്ക്കുകയാണ്', മുഖ്യമന്ത്രി കൂട്ടിച്ചേര്ത്തു.
Content Highlights: UDF forms alliance with Jamaat-e-Islami, which Muslims do not accept, for four votes: CM