കോഴിക്കോട്: എസ്ഡിപിഐ രാഷ്ട്രീയ കേരളത്തിൽ ഒരു സ്പോയിലർ ഫാക്ടർ ആയി മാറുകയാണെന്ന് എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ്. ഉത്തരേന്ത്യയിൽ ഉവൈസിയുടെ പാർട്ടി തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കുന്ന മട്ടിൽ സംസ്ഥാനത്ത് എസ്ഡിപിഐ സിപിഐഎമ്മിനെയും ബിജെപിയെയും പ്രത്യക്ഷത്തിൽ തന്നെ സഹായിക്കുകയാണെന്ന് നജാഫ് വിമർശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രതികരണം.
മുസ്ലിം ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ വോട്ടുകൾ ഭിന്നിപ്പിച്ച് ഫാസിസ്റ്റ് ശക്തികൾക്ക് കരുത്ത് പകരുന്ന നശീകരണ ശക്തിയായി എസ്ഡിപിഐ മാറി. സമുദായത്തിന്റെ അധികാര പ്രാതിനിധ്യത്തിനും അവകാശ സംരക്ഷണത്തിനും ജനാധിപത്യ- മതേതര ചേരിയിൽ ഉറച്ചു നിന്ന് പോരാടുന്ന മുസ്ലിം ലീഗ് പ്രസ്ഥാനത്തെ ദുർബലപ്പെടുത്തി ഫാസിസ്റ്റ് ശക്തികൾക്ക് കരുത്ത് പകരാനാണ് എസ്ഡിപിഐ ശ്രമിക്കുന്നത്. കണ്ണൂരിലും കോഴിക്കോട്ടും മലപ്പുറത്തും വയനാടും ജില്ലാ പഞ്ചായത്ത് ഡിവിഷനിലുകളിൽ എസ്ഡിപിഐ മത്സരിക്കുന്നത് മുസ്ലിം ലീഗ് മാത്രം മത്സരിക്കുന്ന ഡിവിഷനുകളിലാണ്. ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് എതിരാളികൾക്ക് വിജയം സമ്മാനിക്കാൻ മാത്രമായി ഒരു മത്സരം ആരുടെ താൽപര്യം സംരക്ഷിക്കാനാണെന്നും നജാഫ് കുറിപ്പിൽ പറയുന്നു.
കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾക്കെതിരെ മാത്രം മത്സരിക്കുന്ന ഒരു പാർട്ടിയായി എസ്ഡിപിഐ മാറി. ഒരേ സമയം നരേന്ദ്രമോദിയെയും മുണ്ടുടുത്ത മോദി എന്നറിയപ്പെടുന്ന പിണറായി വിജയനെയും പ്രീതിപ്പെടുത്തി ഗുഡ് സർട്ടിഫിക്കറ്റിന് കാത്തിരിക്കുകയാണ് ഇവരെന്നും നജാഫ് പറയുന്നു.
കുറിപ്പിന്റെ പൂർണരൂപം….
എസ്ഡിപിഐ രാഷ്ട്രീയ കേരളത്തിൽ ഒരു സ്പോയിലർ ഫാക്ടർ ആയി മാറുകയാണ്. ഉത്തരേന്ത്യയിൽ ഉവൈസിയുടെ പാർട്ടി തിരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കുന്ന മട്ടിൽ സംസ്ഥാനത്ത് എസ്ഡിപിഐ സിപിഐഎമ്മിനെയും ബിജെപിയെയും പ്രത്യക്ഷത്തിൽ തന്നെ സഹായിക്കുകയാണ്.മുസ്ലിം ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ വോട്ടുകൾ ഭിന്നിപ്പിച്ച് ഫാസിസ്റ്റ് ശക്തികൾക്ക് കരുത്ത് പകരുന്ന നശീകരണ ശക്തിയായി എസ്ഡിപിഐ മാറി. സമുദായത്തിന്റെ അവകാശ പോരാട്ടത്തിൽ അധികാരരാഷ്ട്രീയത്തിന് നിസ്തുലമായ പങ്കുണ്ട്. ജനാധിപത്യത്തിൽ ന്യൂനപക്ഷ അവകാശ സംരക്ഷണം അത്രമേൽ പ്രധാനപ്പെട്ട ഒരു ഘടകമാണ്. സമുദായത്തിന്റെ അധികാര പ്രാതിനിധ്യത്തിനും അവകാശ സംരക്ഷണത്തിനും ജനാധിപത്യ- മതേതര ചേരിയിൽ ഉറച്ചു നിന്ന് പോരാടുന്ന മുസ്ലിം ലീഗ് പ്രസ്ഥാനത്തെ ദുർബലപ്പെടുത്തി ഫാസിസ്റ്റ് ശക്തികൾക്ക് കരുത്ത് പകരാനാണ് എസ്ഡിപിഐ ശ്രമിക്കുന്നത്.
കണ്ണൂരിലും കോഴിക്കോട്ടും മലപ്പുറത്തും വയനാടും ജില്ല പഞ്ചായത്ത് ഡിവിഷനിലുകളിൽ എസ്ഡിപിഐ മത്സരിക്കുന്നത് മുസ്ലിം ലീഗ് മാത്രം മത്സരിക്കുന്ന ഡിവിഷനുകളിലാണെന്ന് കാണാം.ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് എതിരാളികൾക്ക് വിജയം സമ്മാനിക്കാൻ മാത്രമായി ഒരു മത്സരം ആരുടെ താൽപര്യം സംരക്ഷിക്കാനാണ്? കോഴിക്കോട് കണ്ണൂർ കോർപ്പറേഷനിലെ വാർഡുകളിൽ എസ്ഡിപിഐ ഇടതുമുന്നണിക്ക് പിന്തുണ നൽകിയിരിക്കുന്നു. കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾക്കെതിരെ മാത്രം മത്സരിക്കുന്ന ഒരു പാർട്ടിയായി എസ്ഡിപിഐ മാറി.
ഒരേ സമയം നരേന്ദ്രമോദിയെയും മുണ്ടുടുത്ത മോദി എന്നറിയപ്പെടുന്ന പിണറായി വിജയനെയും പ്രീതിപ്പെടുത്തി ഗുഡ് സർട്ടിഫിക്കറ്റിന് കാത്തിരിക്കുകയാണ് ഇവർ. നിരോധനത്തിന്റെ വാൾചൂണ്ടി ബിജെപിയും കേന്ദ്രസർക്കാരും ഒരുഭാഗത്ത്, കേന്ദ്രത്തിന് നല്ല നടപ്പിനുള്ള സർട്ടിഫിക്കറ്റ് നൽകേണ്ട സിപിഐഎമ്മും സംസ്ഥാന സർക്കാരും മറുഭാഗത്ത് ഇരുകൂട്ടരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ മുസ്ലിം വോട്ട് ഭിന്നിപ്പിക്കുകയെന്ന ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് എസ്ഡിപിഐ. ഈ ഫോട്ടോയിൽ കാണുന്നത് വടകരയിലെ കുറുകയിലെ ബിജെപി സ്ഥാനാർത്ഥിക്കെതിരെ പോരാടുന്ന സജീറിന്റെ ബാനറാണ്. അവിടെ മത്സരം ബിജെപിക്കെതിരെ നയിക്കുന്നത് യുഡിഎഫിന്റെ സജീർ ആണ്.
ഈ കാലമത്രയും യുഡിഎഫ് മാത്രം ജയിച്ച ഈ വാർഡിൽ ബിജെപിക്ക് വിജയമൊരുക്കി സംഘപരിവാറിന്റെ പ്രതിനിധിയെ മുൻസിപ്പാലിറ്റിയിലേക്ക് എത്തിക്കാൻ പണിയെടുക്കുന്നത് എസ്ഡിപിഐ.
ഇനി എസ്ഡിപിഐകാരോട് മറ്റൊരു ചോദ്യം.മത്സരരംഗത്ത് യുഡിഎഫിനൈ പ്രതിരോധിക്കുന്ന നിങ്ങൾ പാലത്തായി കേസ് അട്ടിമറിച്ച കേരളത്തിലെ ഇടതു സർക്കാറിനോട്, കേസിനെ വർഗീയപരമായി വളച്ചൊടിച്ച സിപിഐഎമ്മിനോട്, യുവജന വിദ്യാർത്ഥി തൊഴിലാളി അവകാശങ്ങളോട് പുറം തിരിഞ്ഞ് നിന്ന, ഫസലിനെ കൊന്ന, പി എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കാൻ അവസരമൊരുക്കിയ ഇടതു സർക്കാറിനോട് നിങ്ങൾക്ക് രാഷ്ട്രീയ പ്രതിരോധമില്ലെ?ഒരു കാര്യം തീർത്തു പറയാം. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ജയപരാജയങ്ങളെ നിർണയിക്കുന്ന ഘടകം എന്ന അർഥത്തിൽ മാത്രമല്ല. സംസ്ഥാനത്തിന്റെ മതേതര സംസ്കാരത്തിന് തന്നെ അപകടകരമാകും വിധം പ്രവർത്തിക്കാനിടയുള്ള ഈ രാഷ്ട്രീയത്തിന് നില നിന്ന് പോവാൻ മതേതര രാഷ്ട്രീയത്തിന്റെ വക്താക്കളായ യുഡിഎഫ് പ്രതിനിധികൾക്ക് നേരെ മത്സരിച്ച് അവരെ വീഴ്ത്തിയിട്ടു വേണം നിലനിൽപ്പിനായുള്ള ഒരിറ്റ് രക്തമെങ്കിൽ എങ്കിൽ അത് ഈ മതേതര കേരളം അനുവദിക്കില്ല.
ഒരു കാര്യം കേരളത്തിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾക്ക് അഭിമാനിക്കാം. ഒരു വർഗീയവാദിയുടെയും വോട്ട് ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നമ്മുടെ പെട്ടിയിലേക്ക് വരില്ല.അതിൽപ്പരം എന്ത് അഭിമാനമാണുള്ളത് പ്രിയപ്പെട്ടവരെ. മതേതര കേരളത്തിൻറെ നിലനിൽപ്പിനു വേണ്ടി യുഡിഎഫിന് ശക്തി പകരുക.
Content Highlights: SDPI is a spoiler factor in Kerala politics said CK Najaf