തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷപ്പെടാൻ സഹായിച്ച ഡ്രൈവർ ആൽവിനെയും ഓഫീസ് സ്റ്റാഫ് ഫസലിനെയും പ്രതിചേർത്ത് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ഇരുവർക്കും നോട്ടീസ് നൽകിയ ശേഷം വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകി വിട്ടയച്ചു. രാഹുലിനെ കർണാടക - തമിഴ്നാട് അതിർത്തിയായ ബാഗലൂരിൽ എത്തിച്ചത് ഇരുവരും ചേർന്നാണെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു.
രാഹുലിന്റെ എംഎൽഎ ഓഫീസിലെ ജീവനക്കാരാണ് ഇരുവരും. കഴിഞ്ഞ ദിവസമാണ് ഇരുവരെയും എസ്ഐടി കസ്റ്റഡിയിലെടുത്തത്. ശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി ചോദ്യം ചെയ്തു. രാഹുലിനെ ഇവർ ബാഗലൂരിൽ എത്തിച്ചത് ഹോണ്ട അമേസ് കാറിലാണെന്നും എസ്ഐടി കണ്ടെത്തി. ഈ കാർ കസ്റ്റഡിയിലെടുത്ത് കേരളത്തിലെത്തിച്ചിട്ടുണ്ട്. ബാഗലൂരിൽ നിന്ന് മറ്റൊരു കാറിലാണ് രാഹുൽ കർണാടകത്തിലേക്ക് കടന്നത്.
അതേസമയം, ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഹൈക്കോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും. മുൻകൂർ ജാമ്യം തള്ളിയ തിരുവനന്തപുരം സെഷൻസ് കോടതിയുടെ ഉത്തരവിൽ പിഴവുണ്ടെന്നും പരാതിക്കാരിക്കെതിരായ തെളിവുകൾ പരിഗണിച്ചില്ലെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ രാഹുൽ പറയുന്നുണ്ട്. തനിക്കെതിരെ ബലാത്സംഗക്കുറ്റം നിലനില്ക്കില്ലെന്ന് രാഹുൽ ഹർജിയിൽ വ്യക്തമാക്കി. യുവതി നടപടിക്രമങ്ങള് പാലിച്ചല്ല പരാതി നല്കിയത്. ബന്ധപ്പെട്ട സംവിധാനത്തിനല്ല മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്. എല്ലാ കാര്യങ്ങളിലും അന്വേഷണ സംഘത്തിന് വിശദീകരണം നല്കാനും സഹകരിക്കാനും തയ്യാറാണ്. താന് നിരപരാധിയെന്നും രാഹുല് മാങ്കൂട്ടത്തില് ഹർജിയിൽ വ്യക്തമാക്കി.
Content Highlights: rahul mamkoottathils staff and driver culprits in helping him to abscond