രാഹുൽ വിഷയം പാലക്കാട് തെരഞ്ഞെടുപ്പിൽ ബാധിക്കുമെന്ന് ഒരു വിഭാഗം; പുറത്താക്കൽ നടപടി പ്രചരിപ്പിക്കാൻ നിർദേശം

രാഹുൽ എംഎൽഎ പദവി സ്വയം രാജിവെച്ചില്ലെങ്കിൽ പ്രതിരോധത്തിലാകുമെന്ന കണക്കുകൂട്ടലിൽ നേതൃത്വം

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ വിഷയം പാലക്കാട് തിരിച്ചടിയാകുമെന്ന് കോൺഗ്രസിലെ ഒരു വിഭാഗം. പാലക്കാട് നഗരസഭയിൽ ഉൾപ്പെടെ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടാക്കിയേക്കുമെന്നാണ് വിലയിരുത്തൽ. ഇതിനെ പ്രതിരോധിക്കാനായി രാഹുലിനെതിരായ പാർട്ടി നടപടി പ്രചരിപ്പിക്കാനാണ് നിർദേശം. തദ്ദേശതെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുലുണ്ടാക്കിയ കളങ്കം പാർട്ടിക്ക് തിരിച്ചടിയാകുമെന്ന് നേരത്തെതന്നെ വിമർശനം ഉയർന്നിരുന്നു. രാഹുൽ വിഷയം പ്രധാന രാഷ്ട്രീയ ആയുധമാക്കുകയാണ് സിപിഐഎമ്മും ബിജെപിയും.

ലൈംഗിക പീഡന കേസിൽ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ രാഹുലിനെ പാർട്ടി പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയിരുന്നു. പരാതി ഉയർന്ന സമയത്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിൽനിന്നും ഒഴിഞ്ഞ രാഹുലിനെ പാർട്ടി സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. രാഹുലിനെതിരായ ഈ നടപടികളെ പ്രചാരണത്തിനായി ഉപയോഗിക്കാനാണ് പാർട്ടിയുടെ നീക്കം. മുതിർന്ന നേതാക്കളെ പാലക്കാട് നഗരസഭാ വാർഡുകളിൽ പ്രചാരണത്തിന് എത്തിക്കാനും നീക്കമുണ്ട്.

എന്നാൽ രാഹുൽ വിഷയം തിരിച്ചടിയാകില്ലെന്നാണ് അദ്ദേഹത്തെ പ്രചാരണത്തിനിറക്കിയ യുഡിഎഫ് സ്ഥാനാർത്ഥികൾ പറയുന്നത്. പാലക്കാട് പ്രചാരണത്തിൽ സജീവമായിരുന്ന രാഹുൽ വീട് കയറി വോട്ട് ചോദിക്കാനും ഇറങ്ങിയിരുന്നു. ഇതിനിടെയാണ് ലൈംഗിക പീഡന പരാതിയിൽ കേസെടുത്തതും രാഹുൽ ഒളിവിൽ പോയതും.

പാർട്ടി കൈവിട്ടതോടെ രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. പദവി സ്വയം ഒഴിയണമെന്ന പരസ്യനിലപാടിലാണ് കോൺഗ്രസ് നേതാക്കൾ. രാഹുൽ രാജി വെച്ചില്ലെങ്കിൽ പ്രതിരോധത്തിലാകുമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം.

Content Highlights: Rahul Mamkootathil issue's will affect local body election at palakkad says one group

To advertise here,contact us