കൊച്ചി: ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഹൈക്കോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും. മുൻകൂർ ജാമ്യം തള്ളിയ തിരുവനന്തപുരം സെഷൻസ് കോടതിയുടെ ഉത്തരവിൽ പിഴവുണ്ടെന്നും പരാതിക്കാരിക്കെതിരായ തെളിവുകൾ പരിഗണിച്ചില്ലെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ രാഹുൽ പറയുന്നുണ്ട്.
തനിക്കെതിരെ ബലാത്സംഗക്കുറ്റം നിലനില്ക്കില്ലെന്ന് രാഹുൽ ഹർജിയിൽ വ്യക്തമാക്കി. യുവതി നടപടിക്രമങ്ങള് പാലിച്ചല്ല പരാതി നല്കിയത്. ബന്ധപ്പെട്ട സംവിധാനത്തിനല്ല മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്. എല്ലാ കാര്യങ്ങളിലും അന്വേഷണ സംഘത്തിന് വിശദീകരണം നല്കാനും സഹകരിക്കാനും തയ്യാറാണ്. താന് നിരപരാധിയെന്നും രാഹുല് മാങ്കൂട്ടത്തില് ഹർജിയിൽ വ്യക്തമാക്കി.
അന്വേഷണത്തിന് തന്നെ കസ്റ്റഡിയിലെടുക്കേണ്ട കാര്യമില്ലെന്നും രാഹുൽ പറയുന്നുണ്ട്. പരാതിക്ക് പിന്നില് രാഷ്ട്രീയ ഗൂഢാലോചനയാണ്. തെളിവുകള് നല്കാന് സാവകാശം വേണം. കേസിലെ രേഖകള് തനിക്ക് ലഭ്യമാക്കിയിട്ടില്ല. വാദം സാധൂകരിക്കാനായില്ലെങ്കില് കീഴടങ്ങാന് തയ്യാറാണെന്നും രാഹുൽ ഹർജിയിലൂടെ അറിയിച്ചു.
നിലവിൽ ഒളിവിൽ കഴിയുന്ന രാഹുലിന്റെ അറസ്റ്റ് തടയണമെന്ന ആവശ്യവും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. രാഹുലിനായി അഡ്വ. എസ് രാജീവ് ഹാജരാകും. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്നലെ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്.
Content Highlights: Rahul Mamkootathil files Anticipatory bail petition on highcourt