തിരുവനന്തപുരം: അതിജീവിതയെ അപമാനിച്ച കേസിൽ ജയിലിൽ തുടരുന്ന രാഹുൽ ഈശ്വറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയിലിൽ നിരാഹാരം തുടരുന്ന രാഹുലിന്റെ ആരോഗ്യനില വഷളായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച രാഹുലിന് ഡ്രിപ്പ് ഇടും. ആരോഗ്യനിലയിൽ മാറ്റമുണ്ടാകുന്ന മുറയ്ക്ക് രാഹുലിനെ തിരികെ ജയിലിലേയ്ക്ക് മാറ്റുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ചെന്ന കേസിലാണ് രാഹുൽ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ അഞ്ചാം പ്രതിയായ രാഹുൽ ഈശ്വർ നിലവിൽ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ തുടരുകയാണ്.
കേസിൽ വഞ്ചിയൂര് മജിസ്ട്രേറ്റ് കോടതി രാഹുൽ ഈശ്വറിന് ജാമ്യം നിഷേധിച്ചിരുന്നു. രാഹുൽ സ്ഥിരം കുറ്റവാളിയാണെന്നും ജാമ്യം നൽകുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. അതിജീവിതയുടെ ഐഡൻ്റിറ്റി രാഹുൽ വെളിപ്പെടുത്തിയെന്നും പ്രോസിക്യൂഷൻ പറഞ്ഞിരുന്നു.
എന്നാൽ രാഹുല് ഈശ്വര് ഒരു ഘട്ടത്തില് പോലും യുവതിയുടെ പേരുവിവരങ്ങള് വെളിപ്പെടുത്തിയിട്ടില്ലെന്നായിരുന്നു രാഹുലിന്റെ അഭിഭാഷകന് വാദിച്ചത്. രാഹുലിന്റെ വീഡിയോയില് അത്തരത്തിലുള്ള പരാമര്ശങ്ങള് ഉണ്ടായിരുന്നില്ലെന്നും അഭിഭാഷകന് വാദിച്ചു. എന്നാല് ഈ വാദങ്ങള് കോടതി തള്ളി. കുറ്റം നിസാരമായി കാണാനാകില്ലെന്നും ലൈംഗികച്ചുവയോടെ അതിജീവിതയെ അധിക്ഷേപിച്ചെന്ന കുറ്റത്തില് കഴമ്പുണ്ടെന്നും കോടതി വിലയിരുത്തി. തുടർന്ന് രാഹുലിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു.
നവംബർ 30നാണ് അതിജീവിതയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയതിനും അധിക്ഷേപിച്ചതിനും രാഹുലിനെ അറസ്റ്റ് ചെയ്തത്. സൈബര് അധിക്ഷേപത്തിന് ജാമ്യമില്ലാ വകുപ്പ് കൂടി ചേര്ത്തായിരുന്നു അറസ്റ്റ്. അതിജീവിതയെ അധിക്ഷേപിച്ച കേസില് പത്തനംതിട്ട മഹിളാ കോണ്ഗ്രസ് ജില്ലാ ജനറല് സെക്രട്ടറി രഞ്ജിത പുളിക്കല് ആണ് ഒന്നാം പ്രതി. കെപിസിസി ജനറല് സെക്രട്ടറി സന്ദീപ് വാര്യര് അഞ്ചാം പ്രതിയാണ്.
Content Highlights: Rahul easwar admitted to hospital after health dropped due to fast