DYFIക്കാർ പടക്കം പൊട്ടിക്കേണ്ടത് പിണറായിയുടെ ഓഫീസിനു മുന്നിൽ,അങ്ങനെയെങ്കിലും ആളുടെ കാത് തുറക്കട്ടെ: ഒ ജെ ജനീഷ്

പൊതിച്ചോറിനെ DYFI രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ഉപയോഗിക്കുന്നതാണ് ഹോസ്ദുർഗ് കോടതിക്ക് മുന്നിൽ കണ്ടതെന്ന് ജനീഷ്

പാലക്കാട്: ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ പടക്കം പൊട്ടിച്ച് ആഘോഷിച്ച ഡിവൈഎഫ്‌ഐയെ വിമർശിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ ജെ ജനീഷ്. ഡിവൈഎഫ്‌ഐ പ്രവർത്തകർ പടക്കം പൊട്ടിക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനു മുന്നിലാണെന്നും അങ്ങനെയെങ്കിലും അയാളുടെ കാത് തുറക്കട്ടെയെന്നും ജനീഷ് പറഞ്ഞു.

നിരവധി പീഡന പരാതികൾ ലഭിച്ചിട്ടും തീവ്രത അളക്കാൻ ആളെ നിശ്ചയിച്ച ആളാണ് പിണറായി വിജയൻ. പൊതിച്ചോറിനെ ഡിവൈഎഫ്‌ഐ രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ഉപയോഗിക്കുന്നതാണ് ഇന്നലെ ഹോസ്ദുർഗ് കോടതിക്ക് മുന്നിൽ കണ്ടത്. ഡിവൈഎഫ്‌ഐയുടെ പടക്കം പൊട്ടിക്കൽ സ്വയം ട്രോളുന്നതിനു തുല്യമാണെന്നും ജനീഷ് പറഞ്ഞു.

രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ വഞ്ചിയൂരിലെ കോടതിക്ക് മുന്നിലും പാലക്കാട്ടും ഡിവെെഎഫ്ഐ പടക്കം പൊട്ടിച്ചിരുന്നു. രാഹുല്‍ കാസര്‍കോട് എത്തി കീഴടങ്ങുമെന്ന് സൂചന ലഭിച്ചതോടെ പൊതിച്ചോറുമായി ഇന്നലെ രാത്രി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കോടതി പരിസരത്തെത്തിയിരുന്നു. രാഹുലിന് ഇന്ന് പട്ടിണി കിടക്കേണ്ടിവരില്ലെന്നും ഡിവൈഎഫ്ഐ പൊതിച്ചോറ് കൊടുക്കുമെന്നുമാണ് കോടതി പരിസരത്ത് ഒത്തുകൂടിയ പ്രവർത്തകർ പറഞ്ഞത്. ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് അനാശാസ്യമാണെന്ന് പറഞ്ഞ രാഹുലിനെതിരായ പ്രതിഷേധമാണിതെന്നും പ്രവർത്തകർ പറഞ്ഞിരുന്നു.

Content Highlights: o j janeesh against DYFI on Rahul Mamkootathil issue

To advertise here,contact us