ക്രൈസ്തവ വിഭാഗങ്ങളെ ലക്ഷ്യം വെച്ച് ബിജെപിക്ക് വോട്ട് അഭ്യർത്ഥിച്ച് കോട്ടയത്ത് നോട്ടീസ്; വിവാദം

അച്ചടിച്ചത് ആരെന്നോ, എത്ര കോപ്പി അച്ചടിച്ചെന്നോ നോട്ടീസിൽ രേഖപ്പെടുത്തിയിട്ടില്ല

കോട്ടയം: ക്രൈസ്തവ വിഭാഗങ്ങളെ ലക്ഷ്യം വെച്ച് ബിജെപിക്ക് വോട്ട് അഭ്യർത്ഥിച്ച് നോട്ടീസ്. ഇടത് വലത് മുന്നണികൾ മത തീവ്രവാദ പ്രീണനം നടത്തുന്നു എന്നതാണ് നോട്ടീസിലെ ഉള്ളടക്കം. എന്നാൽ നോട്ടീസ് ഇറക്കിയത് ആരാണെന്നതിൽ വ്യക്തതയില്ല. എന്തുകൊണ്ട് ബിജെപി എന്ന തലക്കെട്ടിലാണ് ബഹുവർണ്ണ നോട്ടീസ് പുറത്തിറങ്ങിയിരിക്കുന്നത്. കേരളത്തിൻ്റെ രാഷ്ട്രീയ മണ്ഡലത്തെ ഹൈജാക്ക് ചെയ്തിരിക്കുന്ന മത തീവ്രവാദ-പ്രീണന അജണ്ടകൾ ക്രൈസ്തവ സമൂഹത്തെ ലക്ഷ്യം വെയ്ക്കുമ്പോൾ എന്ന സബ് ടൈറ്റിലും നോട്ടീസിലുണ്ട്. ക്രൈസ്തവ മതമേലധ്യക്ഷന്മാർക്കൊപ്പം ബിജെപി നേതാക്കളും പ്രധാനമന്ത്രിയും നിൽക്കുന്ന ചിത്രങ്ങളും നോട്ടീസിലുണ്ട്. അച്ചടിച്ചത് ആരെന്നോ, എത്ര കോപ്പി അച്ചടിച്ചെന്നോ നോട്ടീസിൽ രേഖപ്പെടുത്തിയിട്ടില്ല. ഇതിനിടെ നോട്ടീസിനെതിരെ പരാതി നൽകാനുള്ള തീരുമാനത്തിലാണ് എൽഡിഎഫ്.

പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദം, വഖഫ്, കോതമംഗലത്തെ പെൺകുട്ടിയുടെ ആത്മഹത്യ തുടങ്ങിയ വിഷയങ്ങൾ പൊളിറ്റിക്കൽ ഇസ്‌ലാമിന്റെ ഭാഗമെന്നും നോട്ടീസിൽ പറയുന്നുണ്ട്. കൃസ്ത്യൻ ന്യൂനപക്ഷ സ്ഥാപനത്തിൻ്റെ ഭരണഘടനാപരമായ അവകാശം തീവ്രവ‍ർ​ഗ്​ഗീയ ശക്തികൾക്ക് വേണ്ടി അട്ടിമറിക്കാൻ ഭരണപ്രതിപക്ഷങ്ങൾ ഒന്നിച്ചുവെന്നാണ് പള്ളുരുത്തി സ്കൂളിലെ വിഷയം ഉയർത്തിക്കാണിച്ച് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. കോൺ​ഗ്രസ്-സിപിഎം സൈബർ പോരാളികൾ എസ്ഡിപിഐ-ജമാഅത്തെ ഇസ്ലാമി വാദമുഖങ്ങൾ ഏറ്റെടുത്ത് പ്രചാരണം കൊടുത്തുവെന്നും നോട്ടീസ് ആരോപിക്കുന്നു. ഇടത് വലത് രാഷ്ട്രീയക്കാർ ഛത്തീസ്​ഗഢിലെ കന്യാസ്ത്രീമാർക്ക് വേണ്ടി കണ്ണീരൊഴുക്കിയത് വെറും കാപട്യമാണെന്ന് അവരുടെ പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദം സംബന്ധിച്ച നിലപാട് വ്യക്തമാക്കുന്നുവെന്ന് നോട്ടീസിൽ പറയുന്നുണ്ട്.

കേരളത്തിൽ പൊളിറ്റിക്കൽ ഇസ്‌ലാമിന്റെ അധിനിവേശം ഇന്ന് ക്രമാനു​ഗതമായി ഏറെ ശക്തിപ്പെട്ട നിലയിലാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ കേരളത്തിൽ നടന്ന എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും ഇരു മുന്നണികളും കേരളം എന്നും അകറ്റി നിർത്തിയിരുന്ന വർ​ഗ്​ഗീയ സംഘടനകളുടെ സഹായം പരസ്യമായി സ്വീകരിച്ചുവെന്നും നോട്ടീസിൽ പരാമ‍ർശമുണ്ട്.

കേരളത്തിലെ കോൺ​ഗ്രസ് പാർട്ടി പൊളിറ്റിക്കൽ ഇസ്‌ലാമിന്റെ അജണ്ടകൾക്കൊപ്പിച്ച് ഷേപ്പ് ചെയ്തിരിക്കുന്നവരെ മാത്രമേ യുവനിരയിൽ വളരാൻ അനുവദിക്കുകയുള്ളു എന്നും നോട്ടീസിൽ പരാമ‍ർശമുണ്ട്. പൊളിറ്റിക്കൽ ഇസ്ലാമിനെ ചെറുത്തു തോൽപ്പിക്കാൻ ബിജെപിക്ക് വോട്ട് ചെയ്യണമെന്നും നോട്ടീസിൽ ആഹ്വാനമുണ്ട്.

Content Highlights: Notices targeting Christian communities seeking votes for BJP

To advertise here,contact us