തദ്ദേശ തെരഞ്ഞെടുപ്പ്: കേരളത്തിലെ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വോട്ടെടുപ്പ് ദിനങ്ങളിൽ അവധി നല്‍കണമെന്ന് ആവശ്യം

അവധിയില്ലെങ്കിൽ വോട്ടവകാശം വിനിയോഗിക്കാന്‍ കാഷ്വല്‍ ലീവ് അനുവദിക്കണമെന്നും ജോണ്‍ ബ്രിട്ടാണ് എംപി ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസങ്ങളില്‍ കേരളത്തിലെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി നല്‍കണമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. ഡിസംബര്‍ ഒന്‍പതിനും പതിനൊന്നിനും അവധി നല്‍കണമെന്നാണ് ജോണ്‍ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടത്. ഈ ആവശ്യമുന്നയിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗിന് എംപി കത്തയച്ചു. അല്ലെങ്കില്‍ വോട്ടവകാശം വിനിയോഗിക്കാന്‍ കാഷ്വല്‍ ലീവ് അനുവദിക്കണമെന്നും ജോണ്‍ ബ്രിട്ടാണ് എംപി ആവശ്യപ്പെട്ടു.

തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ രണ്ട് ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ചിരുന്നു. ഡിസംബര്‍ 9, 11 തിയതികളില്‍ അതത് ജില്ലകളില്‍ അവധിയാണ്. സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് അവധിയായിരിക്കും. സ്വകാര്യ മേഖലയിലെ വാണിജ്യ- വ്യവസായ സ്ഥാപനങ്ങള്‍ക്കും ശമ്പളത്തോടെ അവധിയായിരിക്കും.

ഡിസംബര്‍ 9-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഡിസംബര്‍ 11-ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് അവധി. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് വരെയായിരിക്കും വോട്ടെടുപ്പ് നടക്കുക. ഡിസംബര്‍ പതിമൂന്നിനാണ് വോട്ടെണ്ണല്‍ നടക്കുക.

Content Highlights: Local body elections: john brittas demand leave on polling days for central govt employees from kerala

To advertise here,contact us