ഇന്നും ഇന്‍ഡിഗോ സര്‍വീസുകള്‍ മുടങ്ങും; കൊച്ചിയിൽ പ്രതിഷേധം, യാത്രക്കാരോട് ഖേദം പ്രകടിപ്പിച്ച് ഇന്‍ഡിഗോ

സര്‍വീസ് പൂര്‍ണ തോതില്‍ സാധാരണ നിലയിലാവാന്‍ 2026 ഫെബ്രുവരി വരെ സമയമെടുക്കുമെന്നാണ് ഇൻഡിഗോ അറിയിച്ചിരിക്കുന്നത്

കൊച്ചി: ഇന്‍ഡിഗോ പ്രതിസന്ധി തുടരുന്നു. ഇന്നും വിമാന സര്‍വീസുകള്‍ മുടങ്ങും. സര്‍വീസുകളുടെ എണ്ണം കുറയ്ക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചു. പുതിയ ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കുന്നതില്‍ ഇന്‍ഡിഗോയ്ക്ക് വന്ന വീഴ്ച്ചയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഡിസംബര്‍ എട്ട് മുതല്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുമെന്നും സര്‍വീസ് പൂര്‍ണ തോതില്‍ സാധാരണ നിലയിലാവാന്‍ 2026 ഫെബ്രുവരി 10 വരെ സമയമെടുക്കുമെന്നും ഇന്‍ഡിഗോ ഡിജിസിഎയെ അറിയിച്ചു. നെടുമ്പാശേരിയില്‍ നിന്നുളള പല വിമാനങ്ങളും റദ്ദാക്കിയതിന് പിന്നാലെ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധമുണ്ടായി.

യാത്രക്കാരോട് ഖേദം പ്രകടിപ്പിച്ച് ഇൻഡിഗോ രംഗത്തെത്തിയിരുന്നു. ഉപയോക്താക്കളോടും വ്യവസായ പങ്കാളികളോടും ക്ഷമ ചോദിക്കുന്നുവെന്നും ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങളുടെ മാറ്റങ്ങളെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കുമെന്നും ഇന്‍ഡിഗോ വ്യക്തമാക്കിയിരുന്നു. വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുന്‍പ് യാത്രക്കാര്‍ ഇന്‍ഡിഗോയുടെ വെബ്‌സൈറ്റിലെ സ്റ്റാറ്റസ് പരിശോധിക്കണമെന്നും യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നുവെന്നും ഇന്‍ഡിഗോ എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

ഇന്നലെ 550-ഓളം സര്‍വീസുകളാണ് റദ്ദാക്കിയത്. പൈലറ്റുമാരുടെ ഡ്യൂട്ടി ക്രമീകരിക്കുന്നതിലെ പ്രശ്‌നങ്ങളാണ് ഇന്‍ഡിഗോയ്ക്ക് വിനയായത്. പുതിയ ചട്ടങ്ങളില്‍ ഡിജിസിഎ ഇന്‍ഡിഗോയ്ക്ക് താല്‍ക്കാലിക ഇളവ് അനുവദിക്കും. പ്രതിസന്ധി നേരിടാന്‍ കഴിയാത്തതില്‍ ഇന്‍ഡിഗോയെ കേന്ദ്ര വ്യോമയാനമന്ത്രി അതൃപ്തി അറിയിച്ചിരുന്നു.

ഫ്ളൈറ്റുകൾ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേർസ് ജീവനക്കാര്‍ക്ക് അയച്ച മെയിൽ പുറത്തുവന്നിരുന്നു. സാങ്കേതികമായ പ്രശ്‌നങ്ങള്‍, ഷെഡ്യൂളുകളില്‍ വന്ന മാറ്റം, കാലാവസ്ഥയിലുണ്ടായ പ്രതികൂലമായ മാറ്റങ്ങള്‍, ഏവിയേഷന്‍ വ്യവസ്ഥയിലുണ്ടായ അതിരൂക്ഷമായ തിരക്ക്, പുതിയതായി പുറത്ത് വന്ന വിമാനയാത്ര സമയക്രമീകരണങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ എന്നിവയാണ് വിമാനയാത്രകള്‍ റദ്ദാക്കാനുള്ള കാരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

Content Highlights: IndiGo services to remain suspended today; Protests in Kochi, IndiGo expresses regret

To advertise here,contact us