'ചൊവ്വാഴ്ച ബിജെപിയിൽ,ബുധനാഴ്ച കോൺഗ്രസിൽ, വ്യാഴാഴ്ച്ച വീണ്ടും ബിജെപിയിൽ'; വിജയലക്ഷ്മിയെ സ്വീകരിച്ച് സുരേന്ദ്രൻ

ബുധനാഴ്ച്ച ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് പോയ ഡോ.വിജയലക്ഷ്മി ബിജെപിയിലേക്ക് തിരികെ വരികയായിരുന്നു

തിരുവനന്തപുരം: പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കേറിയ ബിജെപി കൗണ്‍സിലര്‍ തിരികെ ബിജെപിയിലേക്ക്. പൂജപ്പുര വാര്‍ഡിലെ മുന്‍ കൗണ്‍സിലറും ബിജെപി ജില്ലാ കമ്മിറ്റി അംഗവുമായ ഡോ. ബി വിജയലക്ഷ്മിയാണ് ബിജെപിയിലേക്ക് തിരികെയെത്തിയത്. ബുധനാഴ്ച്ച ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് പോയ ഡോ.വിജയലക്ഷ്മി തൊട്ടടുത്ത ദിവസം ബിജെപിയിലേക്ക് തിരികെ വരികയായിരുന്നു.

ഡോ. വിജയലക്ഷ്മിയെ കെ മുരളീധരന്‍, എന്‍ ശക്തന്‍, മണക്കാട് സുരേഷ് എന്നിവര്‍ ചേര്‍ന്നായിരുന്നു കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചത്. വിജയലക്ഷ്മി കോണ്‍ഗ്രസില്‍ എത്തിയ വിവരം അറിയിച്ചുകൊണ്ട് നേതാക്കള്‍ ഫേസ്ബുക്ക് പോസ്റ്റും പങ്കുവച്ചിരുന്നു.

എന്നാല്‍ വ്യാഴാഴ്ച വൈകുന്നേരം നടന്ന പരിപാടിയില്‍ വിജയലക്ഷ്മി തിരികെ ബിജെപിയിലേക്ക് തന്നെ പോയി. തിരുമലയില്‍ നടന്ന് പാര്‍ട്ടി പൊതുയോഗത്തിലാണ് വിജയലക്ഷ്മി തിരികെ ബിജെപിയില്‍ പ്രവേശിച്ചത്. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വിജയലക്ഷ്മിയെ ഷാളണിയിച്ച് സ്വീകരിച്ചു. കോണ്‍ഗ്രസ് വിജയലക്ഷ്മിയെ കബളിപ്പിച്ചുവെന്നാണ് സംഭവത്തില്‍ ബിജെപിയുടെ വിശദീകരണം. ആദരിക്കാനാണെന്ന പേരില്‍ വിളിച്ച് പാര്‍ട്ടിയില്‍ ചേര്‍ന്നു എന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നു കോണ്‍ഗ്രസ് എന്നും ബിജെപി ആരോപിച്ചു.

Content Highlight: BJP leader returns to the party after briefly joining Congress

To advertise here,contact us