'പുറത്താക്കൽ നേരത്തെ ആകാമായിരുന്നു, KPCC പ്രസിഡന്റിനോടും പ്രതിപക്ഷ നേതാവിനോടും ഇത് പറഞ്ഞിരുന്നു':വി എം സുധീരൻ

"രാജിവെക്കാൻ കെപിസിസി നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു"

കോൺഗ്രസ് പാർട്ടിയിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കാൻ വൈകിയതിലുളള അതൃപ്തി തുറന്നുപറഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. പുറത്താക്കൽ നേരത്തെ ആകാമായിരുന്നുവെന്നും കോടതിവിധി വരെ കാത്തിരിക്കേണ്ടിയിരുന്നില്ലെന്നും വി എം സുധീരൻ പ്രതികരിച്ചു.

കോൺഗ്രസ് എക്കാലവും ധാർമികത ഉയർത്തിപ്പിടിച്ചിട്ടുള്ള പാർട്ടിയാണ്. കെപിസിസി പ്രസിഡന്റിനോടും പ്രതിപക്ഷ നേതാവിനോടും കോടതിവിധി കാക്കുന്നതിന് മുൻപ് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാജിവെക്കാൻ കെപിസിസി നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നുവെന്നും വി എം സുധീരൻ പറഞ്ഞു.

അതേസമയം രാഹുലിനെ പുറത്താക്കിയത് കോൺഗ്രസ് സ്വീകരിച്ച മാതൃകാപരമായ നടപടിയാണെന്നാണ് വിവിധ കോൺഗ്രസ് നേതാക്കൾ അഭിപ്രായപ്പെട്ടത്. മറ്റ് പാർട്ടികളൊന്നും ഇത്തരത്തിലുള്ള നിലപാട് സ്വീകരിച്ചിട്ടില്ലെന്നും ഷാഫി പറമ്പിൽ അഭിപ്രായപ്പെട്ടു. ഷാനിമോൾ ഉസ്മാനും ബിന്ദു കൃഷ്ണയും അടക്കമുള്ള വനിതാ നേതാക്കളും പാർട്ടി നിലപാടിനെ സ്വാഗതം ചെയ്തു.

രാഹുലിന്റെ പ്രവർത്തികൾ പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്നാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞത്. പുറത്താക്കല്‍ പാർട്ടി കൂട്ടായി എടുത്ത തീരുമാനമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചത്. രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് പാർട്ടിക്കുള്ളിൽ നിന്ന് ആവശ്യം ശക്തമാകുന്നുണ്ട്.

യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയെന്നാണ് രാഹുലിനെതിരായ കേസ്. മുഖ്യമന്ത്രിക്ക് യുവതി നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്ത് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേരളത്തിനു പുറത്തുള്ള മറ്റൊരു സ്ത്രീ നൽകിയ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്.

കേസിന് പിന്നാലെ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നു. ഹരജി പരിഗണിച്ച തിരുവനന്തപുരം പ്രിൻസിപ്പിൾ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഇന്നലെ ഒന്നേമുക്കാൽ മണിക്കൂറും ഇന്ന് ഇരുപത്തിയഞ്ച് മിനിറ്റും വാദം കേട്ടതിന് ശേഷമാണ് വിധി പറഞ്ഞത്. തൊട്ടുപിന്നാലെയാണ് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും രാഹുലിനെ പുറത്താക്കിയതായി കോൺഗ്രസ് ഔദ്യോഗികമായി അറിയിച്ചത്. മുൻകൂർ ജാമ്യത്തിനായി രാഹുൽ നിലവിൽ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Content Highlights: V M Sudheeran about Congress evicting Rahul Mamkoottathil

To advertise here,contact us