ധാർമികതയുണ്ടെങ്കിൽ രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കട്ടേ; പുറത്താക്കിയ നടപടി മാതൃകാപരമെന്ന് വനിതാ നേതാക്കൾ

രാഹുൽ മാങ്കൂട്ടത്തലിനെ പുറത്താക്കിയ കോൺഗ്രസ് നടപടി മാതൃകാപരമാണെന്ന് ബിന്ദു കൃഷ്ണയും ഷാനിമോൾ ഉസ്മാനും അഭിപ്രായപ്പെടുന്നു.

തിരുവനന്തപുരം: ഗുരുതരമായ ലൈംഗിക പീഡന പരാതികൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പുറത്താക്കിയ പാർട്ടി നടപടിയിൽ പ്രതികരണവുമായി കോൺഗ്രസിലെ വനിതാ നേതാക്കൾ. കോൺഗ്രസ് മാതൃകപരമായ നടപടിയാണ് സ്വീകരിച്ചതെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗങ്ങളാണ് ബിന്ദു കൃഷ്ണയും ഷാനിമോൾ ഉസ്മാനും പ്രതികരിച്ചു.

മുകേഷ് എംഎൽഎയ്‌ക്കെതിരെ പരാതികളുയർന്നിട്ടും നടപടി സ്വീകരിക്കാതിരുന്ന സിപിഐഎമ്മാണ് രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസിനെ വിമർശിക്കുന്നതെന്ന് ബിന്ദു കൃഷ്ണ വിമർശനമുന്നയിച്ചു.

ഇരയ്‌ക്കൊപ്പം തന്നെ നിൽക്കുന്നുവെന്നും കോൺഗ്രസ് പ്രസ്ഥാനം എക്കാലും സ്ത്രീപക്ഷ നിലപാടാണ് സ്വീകരിച്ചതെന്നും കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ബിന്ദു കൃഷ്ണ പ്രതികരിച്ചു. സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ കർശന നടപടി എടുക്കുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. 'സിപിഐഎമ്മിനെ പോലെയും ബിജെപിയെ പോലെയും വാചകങ്ങളിൽ അല്ല. സ്ത്രീകൾക്കെതിരെ അതിക്രമം നടത്തിയാൽ ആരായാലും നടപടി എടുക്കും. രാഹുലിനെ ആദ്യം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തു നിന്ന് നീക്കി. വീണ്ടും പരാതി ഗൗരവമായതിനാൽ പാർട്ടിയിൽ നിന്നും നീക്കി. ഇതിലൂടെ കോൺഗ്രസ് സ്ത്രീപക്ഷ നിലപാട് ഉയർത്തിപ്പിടിച്ചു' ബിന്ദു കൃഷ്ണ പ്രതികരിച്ചു.

പീഡന കേസിൽ ഉള്ള മുകേഷിനെ തോളിൽ ഇരുത്തിയാണ് സിപിഐഎം രാഹുൽ രാജിവെക്കാൻ ആവശ്യപ്പെടുന്നതെന്നും ബിന്ദു കൃഷ്ണ വിമർശിച്ചു. സിപിഐഎമ്മിന് മുകേഷിനെ പുറത്താക്കാൻ ധൈര്യമുണ്ടോ എന്നും അവർ ചോദിച്ചു.

കോൺഗ്രസ് മാതൃകാപരമായ നടപടി കൈക്കൊണ്ടുവെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ഷാനിമോൾ ഉസ്മാൻ അഭിപ്രായപ്പെട്ടു. രാഹുലിനെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പുറത്താക്കിയിരിക്കുന്നത്. ധാർമികതയുണ്ടെങ്കിൽ രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണം. സ്ത്രീകളുടെ അഭിമാനം എന്നത് പാർട്ടി കമ്മീഷനു മുന്നിൽ ഒതുക്കേണ്ടതല്ലെന്നും ഷാനിമോൾ ഉസ്മാൻ കൂട്ടിച്ചേർത്തു.

മുൻകൂർജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിക്കൊണ്ടുള്ള പ്രഖ്യാപനവും പുറത്ത് വരുന്നത്.

Content Highlights: Shanimol Usman and Bindu Krishna about Rahul Mankoottathil

To advertise here,contact us