പീഡനത്തിനിരയായവർക്കുവേണ്ടി, അവകാശങ്ങൾ നിഷേധിക്കപ്പെട്ട സ്ത്രീകൾക്കുവേണ്ടി, പോരാട്ടം തുടരും:സന്ദീപ് വാര്യർ

രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോണ്‍ഗ്രസ് നടപടിയില്‍ അഭിമാനമെന്ന് സന്ദീപ് വാര്യര്‍

തിരുവനന്തപുരം: ഗുരുതരമായ ലൈംഗിക പീഡനപരാതികള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ കോണ്‍ഗ്രസ് നടപടിയെ അഭിനന്ദിച്ച് സന്ദീപ് വാര്യര്‍. ഇത് തങ്ങളുടെ പ്രസ്ഥാനം ഉയര്‍ത്തിപ്പിടിക്കുന്ന സ്ത്രീപക്ഷ നിലപാടിന്റെ ഉറച്ച പ്രഖ്യാപനമാണെന്ന് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. ഒരു വ്യക്തി എത്ര ഉന്നതനായാലും, ആരോപണങ്ങള്‍ ഗുരുതരമാണെങ്കില്‍, പ്രത്യേകിച്ച് സ്ത്രീകള്‍ക്കെതിരായ വിഷയങ്ങളില്‍, വിട്ടുവീഴ്ചയുമില്ല എന്ന് കോണ്‍ഗ്രസ് തെളിയിച്ചിരിക്കുന്നുവെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയെന്നാണ് രാഹുലിനെതിരായ കേസ്. മുഖ്യമന്ത്രിക്ക് യുവതി നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേരളത്തിനു പുറത്തുള്ള മറ്റൊരു സ്ത്രീ നല്‍കിയ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്.

കേസിന് പിന്നാലെ ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നു. ഹരജി പരിഗണിച്ച തിരുവനന്തപുരം പ്രിന്‍സിപ്പിള്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഇന്നലെ ഒന്നേമുക്കാല്‍ മണിക്കൂറും ഇന്ന് ഇരുപത്തിയഞ്ച് മിനിറ്റും വാദം കേട്ടതിന് ശേഷമാണ് വിധി പറഞ്ഞത്.

തൊട്ടുപിന്നാലെയാണ് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും രാഹുലിനെ പുറത്താക്കിയതായി കോണ്‍ഗ്രസ് ഔദ്യോഗികമായി അറിയിച്ചത്. 'രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. നിലവില്‍ സസ്പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു' കോണ്‍ഗ്രസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി ഉന്നയിച്ച അതിജീവിതയെ അപമാനിച്ചെന്ന പരാതിയില്‍ സന്ദീപ് വാര്യര്‍ക്കെതിരെ എഫ്‌ഐആര്‍ ഇട്ട് അന്വേഷണം ആരംഭിച്ചു. ഒരു മുന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അതിജീവിതയുടെ ഐഡിന്റിറ്റി വെളിപ്പെടുത്താന്‍ ശ്രമിച്ചു എന്നതടക്കമായിരുന്നു സന്ദീപ് വാര്യര്‍ക്കെതിരെ ഉയര്‍ന്ന പരാതി. എന്നാല്‍, പരാതിക്കാരിയെ അധിക്ഷേപിച്ചിട്ടില്ലെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പോസ്റ്റിന്റെ പേരിലാണ് തനിക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും അത് രാഷ്ട്രീയപ്രേരിതമാണെന്നുമായിരുന്നും സന്ദീപിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നീതിയാണ് വലുത്… ഇന്ന്, രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എയുടെ തീരുമാനം കേവലം ഒരു നടപടി മാത്രമല്ല, ഇത് ഞങ്ങളുടെ പ്രസ്ഥാനം ഉയര്‍ത്തിപ്പിടിക്കുന്ന സ്ത്രീപക്ഷ നിലപാടിന്റെ ഉറച്ച പ്രഖ്യാപനമാണ്.

ഒരു വ്യക്തി എത്ര ഉന്നതനായാലും, ആരോപണങ്ങള്‍ ഗുരുതരമാണെങ്കില്‍, പ്രത്യേകിച്ച് സ്ത്രീകള്‍ക്കെതിരായ വിഷയങ്ങളില്‍, ഒറ്റ വിട്ടുവീഴ്ചയുമില്ല എന്ന് കോണ്‍ഗ്രസ് തെളിയിച്ചിരിക്കുന്നു. ഇവിടെ വ്യക്തി താല്‍പ്പര്യങ്ങളല്ല, പാര്‍ട്ടിയുടെ ധാര്‍മ്മികതയും നീതിബോധവുമാണ് വിജയിച്ചത്. ഇത് കോണ്‍ഗ്രസ് എന്നും മുറുകെ പിടിക്കുന്ന സ്ത്രീശാക്തീകരണ കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ്.

മറ്റ് പാര്‍ട്ടികളുടെ അവസ്ഥ എന്താണ്? സ്ത്രീകള്‍ക്കെതിരെ കേസുകളുള്ള സ്വന്തം നേതാക്കളെ സംരക്ഷിക്കാനായി അവര്‍ ആവോളം വെള്ളപൂശും. പുറത്തുനിന്നുള്ളവര്‍ക്കെതിരെ വരുമ്പോള്‍ വാളെടുത്ത് ചാടും. സ്ത്രീ സുരക്ഷയെക്കുറിച്ച് വാചാലരാവുകയും സ്വന്തം പാളയത്തിലെ തെറ്റുകള്‍ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് എത്രയോ തവണ നമ്മള്‍ കണ്ടതാണ്.

സമാനമായ ആരോപണങ്ങള്‍ വന്നപ്പോള്‍, ആരോപണവിധേയരെ സംരക്ഷിക്കാന്‍ ഭരണ സ്വാധീനം ഉപയോഗിക്കുകയും, തങ്ങളെ വിമര്‍ശിക്കുന്നവരെ വേട്ടയാടുകയും ചെയ്ത പല പാര്‍ട്ടികളും ഈ നടപടിയില്‍ നിന്ന് ഒരു പാഠം പഠിക്കണം. നീതിയുടെ ഈ വഴിയില്‍, കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. പീഡനത്തിനിരയായവര്‍ക്കുവേണ്ടി, അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട സ്ത്രീകള്‍ക്കുവേണ്ടി, പോരാട്ടം തുടരും.

Content Highlights: Sandeep Varrier about Rahul Mankoottathil getting evicted from Congress

To advertise here,contact us