'കോൺഗ്രസിനുള്ളിലെ മാഫിയാസംഘത്തെ നിയന്ത്രിക്കുന്നത് ഷാഫിയും രാഹുലും, മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രതിപക്ഷം പ്രതിക്കൂട്ടിലായെന്നും ഇന്ന് അല്ലെങ്കിൽ നാളെ രാഹുലിനെ പൊലീസ് പിടികൂടുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു

തിരുവനന്തപുരം: കോൺഗ്രസിനുള്ളിലെ മാഫിയാസംഘത്തെ നിയന്ത്രിക്കുന്നത് ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലുമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അതിജീവിതയ്‌ക്കെതിരെ ഉണ്ടായ സൈബർ ആക്രമണം മറ്റാരും പരാതിയുമായി മുന്നോട്ടുവരാതിരിക്കാനുള്ള നീക്കമായിരുന്നെന്നും എം വി ഗോവിന്ദൻ പറഞ്ഞു. രാഹുലിന്റെ രാജി കേരളവും കോൺഗ്രസ് നേതൃത്വവും ആവശ്യപ്പെടുന്നുണ്ട്. രാഹുലിനെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തപ്പോൾ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് കോൺഗ്രസ് പറഞ്ഞത്. എന്നാല്‍ കെപിസിസിക്ക് ലഭിച്ച ഒമ്പതോളം പരാതികൾ പൂഴ്ത്തിയെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രതിപക്ഷം പ്രതിക്കൂട്ടിലായെന്നും ഇന്ന് അല്ലെങ്കിൽ നാളെ രാഹുലിനെ പൊലീസ് പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് സംരക്ഷണത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിഞ്ഞതെന്നും എം വി ഗോവിന്ദൻ ആരോപിച്ചു.

അതേസമയം എം മുകേഷ് എംഎൽഎയുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളിൽ, മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ലെന്നായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം. സംഘടനാ നടപടി എടുക്കാൻ മുകേഷ് സംഘടനയിലില്ല, മുകേഷിനെതിരെ പാർട്ടി കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും എം വി ഗോവിന്ദൻ വിശദീകരിച്ചു.

അതേസമയം മസാല ബോണ്ടുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികളുടെ ഇടപെടൽ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള പ്രക്രിയയാണെന്നും ഇത്തരം സാഹചര്യങ്ങളിൽ ഒന്നുകിൽ സിബിഐ അല്ലെങ്കിൽ ഇഡി നോട്ടീസ് വരുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഇഡിയുടെ നോട്ടീസിന് കടലാസിന്റെ വിലയില്ലെന്ന് ജനങ്ങൾക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മതപരമായി മാറ്റിയെടുക്കാനാണ് ബിജെപിയുടെയും ആർഎസ്എസ്‌ന്റെയും ശ്രമം. കേരളത്തിൽ ലീഗിന്റെയും കോൺഗ്രസിന്റെയും ആശയതലം നിയന്ത്രിക്കുന്നത് ജമാത്തെ ഇസ്ലാമിയാണ്. ലീഗും കോൺഗ്രസും ജമാത്തെ ഇസ്ലാമിയുടെ കൂട്ടുകെട്ടിലേക്ക് മാറിയെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Content Highlights: MV Govindan about Rahul Mamkootathil and Shafi Parambil

To advertise here,contact us