'ധാർമികതയുണ്ടെങ്കിൽ രാജിവെയ്ക്കണമെന്ന് പറയില്ല, ധാർമികതയില്ലല്ലോ': കെ മുരളീധരൻ

രാഹുലെന്ന ചാപ്പ്റ്റർ ക്ലോസ് ചെയ്ത് കഴിഞ്ഞുവെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: ഗുരുതരമായ ലൈംഗിക പീഡന പരാതികൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ

എംഎൽഎയുടെ നിയമസഭാംഗ്വതവുമായി ബന്ധപ്പെട്ട പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ധാര്‍മികയില്ലാത്ത പ്രവര്‍ത്തികള്‍ ചെയ്തയാളോട് ധാര്‍മികതയുണ്ടെങ്കില്‍ രാജിവെക്കണമെന്ന് പറയാനാകില്ലല്ലോ എന്ന് കെ.മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി രാഹുലിന് മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ കോൺഗ്രസ് പാർട്ടിയിൽ നിന്നും എംഎൽഎയെ പുറത്താക്കിയിരുന്നു. തുടർന്നാണ് മുരളീധരന്റെ പ്രതികരണം.

മുരളീധരന്റെ വാക്കുകൾ:

'പൊതുരംഗത്ത് സംശുദ്ധിയുണ്ടാവണം. അതിന് വിഘാതമായി പ്രവർത്തിക്കുന്നവർ പിന്തള്ളപ്പെട്ട് പോകണം. കോടതി വിധിയും കോൺഗ്രസ് നടപടിയും പൊതുസമൂഹത്തിന് സന്തോഷം നൽകുന്ന കാര്യമാണ്. രണ്ടു തീരുമാനങ്ങളെയും സർവാത്മനാ സ്വാഗതം ചെയ്യുന്നു. അതിജീവിതയുടെ പരാതി വരുന്നതിന് മാസങ്ങൾക്ക് മുമ്പ് തന്നെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു. കോടതി വിധി പുറത്ത് വന്നതോടെ പാർട്ടിയിൽ നിന്നു തന്നെ പുറത്താക്കി.

രാഹുലെന്ന ചാപ്പ്റ്റർ ക്ലോസ് ചെയ്ത് കഴിഞ്ഞു. പുറത്താക്കപ്പെട്ട ആർക്കുവേണ്ടിയും പാർട്ടിയിൽ വാദിക്കാൻ പാടില്ല. ധാർമികത ഉണ്ടെങ്കിൽ രാജിവയ്ക്കണമെന്ന് പറയില്ല. ധാർമികതയുള്ള പ്രവർത്തിയല്ലല്ലോ ചെയ്തുകൊണ്ടിരുന്നത്. ഒരു പൊതുപ്രവർത്തകൻ ചെയ്യാൻ പാടില്ലാത്ത കാര്യമാണ് അദ്ദേഹം ചെയ്തത്. എംഎൽഎ എന്ന് മാത്രമല്ല പൊതുരംഗത്തുള്ളവർ പാലിക്കേണ്ട മാന്യത പാലിക്കാത്ത വ്യക്തിയോട് ധാർമികത പറഞ്ഞിട്ട് കാര്യമില്ല. നടപടി സ്പീക്കർ തീരുമാനിക്കണം.'

യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയെന്നാണ് രാഹുലിനെതിരായ കേസ്. മുഖ്യമന്ത്രിക്ക് യുവതി നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്ത് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേരളത്തിനു പുറത്തുള്ള മറ്റൊരു സ്ത്രീ നൽകിയ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്.

Content Highlights: K Muraleedhran about Rahul Mamkootathil's expulsion from congress

To advertise here,contact us