'ഹാത്ത് മെ വോട്ട് കരോ..'; കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണ ബോർഡിൽ ഇടം പിടിച്ച് ഹിന്ദി

സമ്മതിദാനാവകാശമുള്ള ഉത്തരേന്ത്യൻ തൊഴിലാളികളെ ലക്ഷ്യമിട്ടാണ് യുഡിഎഫിന്റെ 'ഹിന്ദി ബോർഡ്'

കണ്ണൂർ: വോട്ട് തേടി പല തരത്തിലുള്ള വേറിട്ട പ്രചാരണങ്ങളാണ് സ്ഥാനാർത്ഥികൾ കളത്തിലിറക്കുന്നത്. എന്നാൽ താളിക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണബോർഡ് കണ്ടാൽ എല്ലാവരും അല്പ സമയം നോക്കി നിൽക്കും എന്നിട്ട് വായിക്കാൻ തുടങ്ങും 'ഹാത്ത് മെ വോട്ട് കരോ….'. കണ്ണൂർ കോർപ്പറേഷനിലെ 54-ാം ഡിവിഷനായ താളിക്കാവിൽനിന്ന് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി അജിത് പാറക്കണ്ടിക്ക് വോട്ടഭ്യർഥിച്ചുള്ള ബോർഡിലാണ് ഹിന്ദിയും ഇടംപിടിച്ചത്.

കണ്ണൂർ നഗരത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിലൊന്നാണ് പാറക്കണ്ടിയും പരിസരവും. ഇവിടെ ഉത്തരേന്ത്യക്കാർക്ക് മുപ്പതിൽപരം വോട്ടുകളുണ്ട്. വർഷങ്ങളായി ഇവിടെ താമസമാക്കിയ ഉത്തരേന്ത്യൻ കുടുംബങ്ങളും നിരവധിയാണ്. ഡിവിഷനിൽ സമ്മതിദാനാവകാശമുള്ള ഉത്തരേന്ത്യൻ തൊഴിലാളികളെ ലക്ഷ്യമിട്ടാണ് യുഡിഎഫിന്റെ 'ഹിന്ദി ബോർഡ്'.

സന്തോഷ് ട്രോഫി മുൻ താരമാണ് അജിത് പാറക്കണ്ടി. എതിർസ്ഥാനാർഥി എൽഡിഎഫിലെ ഒ കെ വിനീഷ് സ്‌പോർട്‌സ് കൗൺസിൽ മുൻ സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമാണ്. എൻഡിഎയുടെ കെ പി ലതീഷാണ് ഡിവിഷനിലെ മറ്റൊരു സ്ഥാനാർത്ഥി.

Content Highlights : Hindi board seeking vote for UDF at kannur

To advertise here,contact us