കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ വഞ്ചകനെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി പി ദുൽഖിഫിൽ. യുഡിഎഫ് അണികളിലുള്ള മാർക്സിസ്റ്റ് വിരോധവും പിണറായി ഗവൺമെന്റിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള അതി വൈകാരികതയേയും തെറ്റിനെ മറച്ചു വെക്കാനുള്ള ഉപാധിയായി രാഹുൽ കണ്ടു. പാർട്ടി പ്രവർത്തകരെ വഞ്ചിക്കുകയും അവരുടെ വൈകാരികതയെ ചൂഷണം ചെയ്യുകയും ചെയ്തുവെന്ന് ദുൽഖിഫിൽ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.
പൊതു പ്രവർത്തകർ പാലിക്കേണ്ട മിനിമം ജാഗ്രതയും കരുതലും ഏത് ഉന്നതനും നിർബന്ധമാണ്. അതിനു സാധിക്കുന്നില്ലെങ്കിൽ പ്രസ്ഥാനത്തിന് പ്രയാസം ഉണ്ടാക്കാതെ എല്ലാ സ്ഥാനങ്ങളും ഉപേക്ഷിച്ച് എന്നന്നേക്കുമായി പൊതുപ്രവർത്തനരംഗത്ത് നിന്നും മാറിനിൽക്കുന്നതാണ് ഉചിതം. എല്ലാ സ്ഥാനങ്ങളും ഉപേക്ഷിച്ച് പൊതുപ്രവർത്തനരംഗത്ത് നിന്ന് മാറിനിൽക്കണമെന്നും കുറിപ്പിൽ പറയുന്നു.
പാർട്ടി തീരുമാനത്തിന് പുല്ല് വില നൽകി പുച്ഛത്തോടെ മുന്നോട്ട് പോയത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ലൈക്കിന്റെ എണ്ണമോ സൈബർ പിന്തുണയോ എന്നതിനപ്പുറം ജനങ്ങൾ പാർട്ടി സ്വീകരിച്ച നടപടി മാതൃകയായാണ് കണ്ടത്. നിരപരാധിത്വം തെളിയുന്നതിന് മുൻപ് പാർട്ടിയെ വെല്ലുവിളിക്കുന്നത് ഏത് ഉന്നതനായാലും അത്ര ഭൂഷണമല്ല. വ്യക്തിസ്വാതന്ത്ര്യം അനുഭവിക്കുമ്പോഴും അതു മറ്റുതരത്തിലുള്ള പരാതികൾ വരാതെ കാത്തുസൂക്ഷിക്കേണ്ടതും ജാഗ്രത പുലർത്തേണ്ടതും അതാത് വ്യക്തികൾ തന്നെയാണ്. വ്യക്തിപരമായി നമുക്ക് കിട്ടുന്ന അംഗീകാരവും ബഹുമാനവും ആകർഷണവും ഒക്കെ ഒരു കൊടിയുടെ കീഴിൽ പ്രവർത്തിക്കുന്നത് കൊണ്ടാണ് എന്നുള്ള ഉത്തമ ബോധ്യം ഏതു ഉന്നതസ്ഥാനത്ത് നിൽക്കുന്നവർക്കും അനിവാര്യമാണ്. അത് കക്ഷിരാഷ്ട്രീയ വ്യത്യാസം ഇല്ലാതെ എല്ലാ പൊതുപ്രവർത്തകർക്കും ബാധകമാണ് എന്നുള്ളത് തിരിച്ചറിയുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി.
കുറിപ്പിന്റെ പൂർണരൂപം….
ഒരു പൊതുപ്രവർത്തകൻ ആവുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു പാർട്ടിയിൽ യൂണിറ്റ് പ്രസിഡന്റ് മുതൽ അഖിലേന്ത്യാ പ്രസിഡന്റ് വരെയുള്ള സ്ഥാനങ്ങൾ വഹിക്കുമ്പോൾ അവരെ പൊതുസമൂഹം നോക്കി കാണുന്നത് വലിയ പ്രതീക്ഷയോടെയായിരിക്കും.സർവ്വ മേഖലകളിലും പൊതുപ്രവർത്തകർക്ക് ലഭിക്കുന്ന സ്വീകാര്യത ഇന്ത്യ പോലെയുള്ള ജനാധിപത്യ രാജ്യത്ത് വളരെ ഉയരത്തിലാണ്. അത് ആ വ്യക്തിയെ കണ്ടോ വ്യക്തിയുടെ കഴിവിനെ കണ്ടോ അല്ല മറിച്ച് അവർ പ്രവർത്തിക്കുന്ന രാഷ്ട്രീയപാർട്ടിയുടെ സ്വാധീനവും ആദർശവും മനസ്സിലാക്കി കൊണ്ടാണ്. പാർട്ടിയുടെ തണൽ ഇല്ലാതെ ഒരാൾക്കും യാതൊരു തരത്തിലുള്ള പേരും മഹിമയും ഇല്ല എന്ന് മനസ്സിലാക്കി തരുന്നതാണ് പലവിധത്തിലുള്ള സംഭവങ്ങളും. പാർട്ടിയിൽ അഭിപ്രായവ്യത്യാസം ഉണ്ടാകുന്നതും തുറന്നുപറയുന്നതും നടപടി സ്വീകരിക്കുന്നതൊക്കെ സ്വാഭാവികം. പക്ഷേ വ്യക്തിപരമായ ശുദ്ധീകരണവും വ്യക്തിജീവിതത്തിൽ അതിർവരമ്പുകളും നിർബന്ധമാണ്. വ്യക്തിസ്വാതന്ത്ര്യം അനുഭവിക്കുമ്പോഴും അതു മറ്റുതരത്തിലുള്ള പരാതികൾ വരാതെ കാത്തുസൂക്ഷിക്കേണ്ടതും ജാഗ്രത പുലർത്തേണ്ടതും അതാത് വ്യക്തികൾ തന്നെയാണ്. വ്യക്തിപരമായി നമുക്ക് കിട്ടുന്ന അംഗീകാരവും ബഹുമാനവും ആകർഷണവും ഒക്കെ ഒരു കൊടിയുടെ കീഴിൽ പ്രവർത്തിക്കുന്നത് കൊണ്ടാണ് എന്നുള്ള ഉത്തമ ബോധ്യം ഏതു ഉന്നതസ്ഥാനത്ത് നിൽക്കുന്നവർക്കും അനിവാര്യമാണ്. അത് കക്ഷിരാഷ്ട്രീയ വ്യത്യാസം ഇല്ലാതെ എല്ലാ പൊതുപ്രവർത്തകർക്കും ബാധകമാണ് എന്നുള്ളത് തിരിച്ചറിയുന്നത് നന്നായിരിക്കും. പ്രത്യേകിച്ച് രാഷ്ട്രീയത്തിന് മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്നു എന്ന് വ്യാപകമായ പരാതി ഉയർന്നു വരുന്ന ഈ കാലഘട്ടത്തിൽ. ഇവിടെ എംഎൽഎ ചെയ്തിരിക്കുന്നത് കടുത്ത വഞ്ചനയാണ്. യുഡിഎഫ് അണികളിലുള്ള മാർക്സിസ്റ്റ് വിരോധവും പിണറായി ഗവൺമെന്റിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള അതി വൈകാരികതയേയും തന്റെ തെറ്റിനെ മറച്ചു വെക്കാനുള്ള ഉപാധിയായി കണ്ടു. ഇതിലൂടെ പാർട്ടി പ്രവർത്തകരെ വഞ്ചിക്കുകയും അവരുടെ വൈകാരികതയെ ചൂഷണം ചെയ്യുകയുമാണ് ഇവിടെ ചെയ്തിരിക്കുന്നത്.
പൊതു പ്രവർത്തകർ പാലിക്കേണ്ട പാലിക്കേണ്ട മിനിമം ജാഗ്രതയും കരുതലും ഏത് ഉന്നതനും നിർബന്ധമാണ്. അതിനു സാധിക്കുന്നില്ലെങ്കിൽ പ്രസ്ഥാനത്തിന് പ്രയാസം ഉണ്ടാക്കാതെ എല്ലാ സ്ഥാനങ്ങളും ഉപേക്ഷിച്ച് എന്നന്നേക്കുമായി പൊതുപ്രവർത്തനരംഗത്ത് നിന്നും മാറിനിൽക്കുന്നതാണ് ഉചിതം. വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെ കൊടിയുടെ തണലോ പിന്തുണയും ഇല്ലെങ്കിൽ നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന എല്ലാ പ്രിവിലേജുകളും എന്നെന്നേക്കുമായി നഷ്ടപ്പെടും എന്നത് എല്ലാവരും തിരിച്ചറിഞ്ഞേ മതിയാവു. ഒരു രാഷ്ട്രീയ പാർട്ടി അതിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല തീരുമാനമെടുത്ത് മുന്നോട്ട് പോകുമ്പോൾ പാർട്ടി തീരുമാനത്തെ പുല്ല് വില നൽകാതെ പുച്ഛിച്ച് മുന്നോട്ട് പോയത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. സമൂഹമാധ്യമങ്ങളിലെ ലൈക്കിന്റെ എണ്ണമോ, സൈബർ ഇടങ്ങളിലെ പിന്തുണയോ എന്നതിനപ്പുറം ജനമധ്യത്തിൽ പ്രവർത്തിക്കുന്ന കോടിക്കണക്കിന് പാർട്ടി പ്രവർത്തകർ പാർട്ടി സ്വീകരിച്ച നടപടി വലിയ ഒരു മാതൃകയായാണ് കണ്ടത്. എന്നാൽ ഈ പാർട്ടി പ്രവർത്തകരെ പോലും അവഹേളിക്കുന്ന തരത്തിലാണ് കാര്യങ്ങൾ മുന്നോട്ടു പോയത്.
പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ച വ്യക്തിക്ക് അയാളുടെ നിരപരാധിത്വം തെളിയിക്കാനും നിയമ പോരാട്ടം നടത്താനും അർഹതയുണ്ട്. നിരപരാധിത്വം തെളിഞ്ഞാൽ പാർട്ടി പ്രവർത്തകർ ഹൃദയത്തിൽ ഏറ്റുമെന്നതിലും തർക്കമില്ല. നിരപരാധിത്വം തെളിയുന്നതിന് മുമ്പ് തന്നെ പാർട്ടി നടപടിയെ വെല്ലുവിളിക്കുന്നത് ഏതു ഉന്നതനായാലും അത് അത്ര ഭൂഷണമല്ല, അത് പാർട്ടിക്ക് ഉണ്ടാക്കുന്ന പ്രയാസങ്ങളും പ്രതിസന്ധിയും ചെറുതല്ല എന്ന് പാർട്ടിയെ വെല്ലുവിളിക്കുന്ന ആളുകൾ ഓർക്കുന്നത് നല്ലതാണ്.
പിന്നെ ഈ വിഷയത്തിൽ കോൺഗ്രസിന് ക്ലാസെടുക്കാൻ വരുന്നവരോട് ഒന്നേ പറയാനുള്ളൂ. നിങ്ങൾക്ക് അതിനുള്ള അർഹതയില്ല. നിങ്ങൾക്ക് പാർട്ടി കോടതികളിലും പാർട്ടി വേദികളിലുമാണ് ഇത്തരം പരാതികൾ ചർച്ച ചെയ്യാറുള്ളത്. ഇത്തരം വിഷയങ്ങളിൽ ഉചിതമായ സമയത്ത് യുക്തമായ തീരുമാനം എടുക്കാൻ പ്രാപ്തിയുള്ള സംഘടനയാണ് കോൺഗ്രസ്..
Content Highlights: VP Dulkhifil against Rahul Mamkootathil