തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതിയായ ദേവസ്വം മുൻ കമ്മീഷണറും പ്രസിഡന്റുമായ എൻ വാസുവിന് ജാമ്യമില്ല. കൊല്ലം വിജിലൻസ് കോടതിയാണ് വാസുവിന് ജാമ്യം നിഷേധിച്ചത്. 2019ൽ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ ശുപാർശയിലാണ് കട്ടിളപ്പാളിയിലെ സ്വർണ്ണം ചെമ്പെന്ന് രേഖപ്പെടുത്തിയതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിൽ മൂന്നാം പ്രതിയാണ് വാസു.
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അന്വേഷണത്തിന് ഹൈക്കോടതി ഒരുമാസം കൂടി സമയം നീട്ടി നൽകി. അന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ച ആറാഴ്ചത്തെ സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് കോടതിയുടെ തീരുമാനം. ഇതു സംബന്ധിച്ച് ഇടക്കാല ഉത്തരവ് ഹൈക്കോടതി പുറത്തിറക്കി. കേസിലെ മൂന്നാംഘട്ട അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്ഐടി ഹൈക്കോടതിയിൽ സമർപ്പിച്ചു. അന്വേഷണം അവസാനിച്ചിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും എസ്ഐടി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഒരുമാസം കൂടി സമയം ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് അനുവദിച്ചത്.
അതേസമയം സ്വർണ്ണക്കൊള്ളക്കേസിലെ എഫ്ഐആർ, അനുബന്ധരേഖകൾ എന്നിവ ആവശ്യപ്പെട്ട് ഇഡിക്ക് പുതിയ അപേക്ഷ സമർപ്പിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകേണ്ടത്. സ്വർണ്ണക്കൊള്ളയിൽ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് ഇഡി രേഖകൾ ആവശ്യപ്പെട്ടത്. എന്നാൽ സർക്കാരിനോട് കൂടി കേട്ട ശേഷം മാത്രമേ രേഖകൾ നൽകുന്നതിൽ തീരുമാനം എടുക്കുകയുള്ളൂവെന്നും കോടതി ഇഡിയെ അറിയിച്ചു.
Content Highlights: Sabarimala case; No bail for N vasu