പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ തമിഴ്നാട്ടിലേക്ക് മുങ്ങിയത് കൊഴിഞ്ഞാമ്പാറ വഴി. ചുവന്ന പോളോ കാറിൽ കുന്നത്തൂർമേട്ടിലെ ഫ്ളാറ്റിൽ നിന്നിറങ്ങിയശേഷം പാലക്കാട് തന്നെയുള്ള സുഹൃത്തിന്റെ അരികിലെത്തി. പിന്നാലെ ചുവന്ന പോളോ കാറിൽ തന്നെ കൊഴിഞ്ഞാമ്പാറ വഴി തമിഴ്നാട് അതിർത്തിയിലെത്തി. നടുപ്പുണി എത്തും മുമ്പ് സിസിടിവി കാമറകളില്ലാത്ത വഴിയിൽ പ്രവേശിച്ച് കാർ ഉപേക്ഷിച്ചു. സുഹൃത്തുകളുടെ സഹായത്തോടെയാണ് രാഹുൽ കേരളം വിട്ടതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
പോളോ കാറിന്റെ ഉടമയായ നടിയെ അന്വേഷണ സംഘം ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചു. രാഹുൽ അടുത്ത സുഹൃത്താണെന്നും അതുകൊണ്ടാണ് കാർ നൽകിയതെന്നും നടി അന്വേഷണ സംഘത്തോട് പറഞ്ഞതായാണ് വിവരം. നടിയെ നേരിട്ട് വിളിച്ച് ചോദ്യം ചെയ്യില്ലെന്നാണ് പുറത്തുവരുന്ന വിവരം. ചുവന്ന കാറിൽ അധികദൂരം സഞ്ചരിച്ചില്ലെന്നാണ് കണ്ടെത്തൽ. ആവശ്യമെങ്കിൽ മാത്രം നടിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് നീക്കം. കാർ കൈമാറിയതിൽ കൂടുതൽ ദുരൂഹതയില്ലെന്നാണ് വിലയിരുത്തൽ
അതേസമയം രാഹുലിനെതിരെ കുരുക്കായി പരാതിക്കാരിയുടെ മെഡിക്കൽ റിപ്പോർട്ട്. വൈദ്യപരിശോധനയിൽ യുവതിയുടെ ശരീരത്തിൽ പഴക്കമുള്ള മുറിവുകൾ കണ്ടെത്തിയതായി ഡോക്ടറുടെ റിപ്പോർട്ട്. വൈദ്യപരിശോധനാ റിപ്പോർട്ടിലാണ് നിർണായക വിവരം. മുറിവുകൾ ബലാത്സംഗത്തിനിടെ ഉണ്ടായതെന്നാണ് നിഗമനം. യുവതിയുടെ മൊഴിയും ഇത് ശരിവെയ്ക്കുന്നുണ്ട്. ഈ റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും.
ഇതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ പരാതികളിൽ സമ്മർദത്തിലായിരിക്കയാണ് ഹൈക്കമാൻഡ്. പരാതികൾ ഹൈക്കമാൻഡിലേക്കും എത്തിയതോടെയാണ് സമ്മർദത്തിലായത്. ചർച്ചകളിൽ ഹൈക്കമാൻഡിനെ വലിച്ചിഴച്ചതിൽ അതൃപ്തി പുകയുന്നുണ്ട്. വിഷയം ദേശീയതലത്തിൽ ബിജെപി ആയുധമാക്കുമോ എന്നാണ് പാർട്ടി ദേശീയ നേതൃത്വത്തിന്റെ ആശങ്ക. വിഷയത്തിൽ കേരളം തുടർനടപടികൾ എത്രയുംവേഗം എടുക്കണം എന്നാണ് നിർദേശം. കേരളത്തിൽ എത്തുന്ന കെ സി വേണുഗോപാൽ നേതാക്കളുമായി സംസാരിക്കുമെന്നാണ് വിവരം.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കെപിസിസി നേതാവിനും രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും പരാതി നൽകിയ പെൺകുട്ടിയെ കണ്ടെത്താനാണ് പൊലീസ് നീക്കം. കെപിസിസി പ്രസിഡന്റ് കൈമാറിയ പരാതിയിലെ ഇമെയിൽ കേന്ദ്രീകരിച്ച് അന്വേഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. പെൺകുട്ടി മൊഴി നൽകാൻ തയ്യാറായാൽ പ്രത്യേക കേസെടുത്തും. പരാതി ഉടൻ ഡിജിപി എഡിജിപിക്ക് കൈമാറും. ഈ പരാതിയും പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിക്കും. രാഹുൽ മാങ്കൂട്ടത്തിൽ സ്ഥിരം കുറ്റവാളിയാണെന്ന് കോടതിയെ ധരിപ്പിക്കും.
Content Highlights: Rahul Mamkootathil escaped to Tamil Nadu via kozhinjampara route