'വ്യാജ പരാതി കൊടുത്ത വ്യക്തി തെളിവ് പുറത്തുവിടട്ടെ'; ഫെന്നി നൈനാന്‍

'27 വയസ്സായ തൻ്റെ ജീവിതത്തിൽ പരാതിയിൽ പറയുന്ന സംഭവം ഉണ്ടായിട്ടില്ല'

പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കെപിസിസിക്ക് ഇന്നലെ ലൈംഗിക പീഡന പരാതി നല്‍കിയ പരാതിക്കാരിയെ വെല്ലുവിളിച്ച് രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാന്‍.

വ്യാജ പരാതി കൊടുത്ത വ്യക്തി തെളിവ് പുറത്തുവിടട്ടെയെന്നാണ് വെല്ലുവിളി. തനിക്കെതിരെയുള്ള ആരോപണം പൊലീസ് അന്വേഷിച്ച് കണ്ടെത്തട്ടെയെന്നും ഫെന്നി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ അടൂര്‍ നഗരസഭയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ഫെന്നി.

താൻ തെറ്റുകാരൻ എന്ന് തോന്നുന്നുണ്ടെങ്കിൽ വോട്ട് ചെയ്യേണ്ട എന്ന് ജനത്തോട് അഭ്യർത്ഥിക്കും. വ്യാജ പരാതി കൊടുത്ത വ്യക്തി തെളിവ് പുറത്തുവിടട്ടെ. സർക്കാരും പൊലീസും ചില മാധ്യമങ്ങളും തനിക്കെതിരെ ഗൂഢാലോചന നടത്തി. 27 വയസ്സായ തൻ്റെ ജീവിതത്തിൽ പരാതിയിൽ പറയുന്ന സംഭവം ഉണ്ടായിട്ടില്ലെന്ന് ഫെന്നി പറഞ്ഞു.

ഏത് കേസ് വന്നാലും തന്നെ വ്യക്തിപരമായി ഇല്ലായ്മ ചെയ്യാൻ ശ്രമം നടത്തുന്നു. ഒരു സംഘം ആളുകൾ ഇതിനായി ഇറങ്ങിയിരിക്കുന്നു. ജനങ്ങൾ ഇതൊന്നും വിശ്വസിക്കില്ല. തൻ്റെ വാർഡിൽ യുഡിഎഫ് ജയിക്കുമെന്നും ഫെന്നി പറഞ്ഞു.

പരാതിയിൽ പറയുന്ന സമയത്ത് വാഹനം ഓടിച്ചിട്ടില്ല എന്ന് എങ്ങനെ താൻ തെളിയിക്കും. പൊലീസ് അന്വേഷിച്ച് ഇക്കാര്യം കണ്ടെത്തട്ടെ. മനസ്സാക്ഷിയുടെ കോടതിയിൽ തനിക്ക് വിശ്വാസമുണ്ട്.

ഇതിൽ കൂടുതൽ ഒരു സ്ഥാനാർത്ഥി എന്ത് പറയണം. നിയമനടപടികളുമായി മുന്നോട്ടു പോകും.

തിരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ടു പോകുമെന്നും ഫെന്നി പറഞ്ഞു.

To advertise here,contact us