കേന്ദ്രം ഇരിക്കാൻ പറയുമ്പോൾ പിണറായി സർക്കാർ മുട്ടിലിഴയും, CPIMന്റെ നെറികേടിന് തിരിച്ചടിയുണ്ടാകും; കെ എം ഷാജി

'കേന്ദ്രം ഇരിക്കാന്‍ പറയുമ്പോള്‍ പിണറായിയുടെ സര്‍ക്കാര്‍ മുട്ടിലിഴയുകയാണ്'

പടന്ന: നടക്കാനിരിക്കുന്നത് കേവലം ഒരു തെരഞ്ഞെടുപ്പ് മാത്രമല്ലെന്നും നമ്മെ വിഡ്ഢിയാക്കുന്ന ഒരു വ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടം കൂടിയാണെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. സിപിഐഎമ്മിന്റെ നെറികേടിനുള്ള തിരിച്ചടിക്ക് സമയമേറെയില്ലെന്നും അദ്ദേഹം പറഞ്ഞു. പടന്നയിലും ഉദുമയിലുമായി നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫിന് നല്‍കുന്ന ഓരോ വോട്ടും നമുക്കുവേണ്ടിയാണെന്ന തിരിച്ചറിവിന്റേതാണെന്നും അത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ ആയി വിലയിരുത്തപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം ഇരിക്കാന്‍ പറയുമ്പോള്‍ പിണറായിയുടെ സര്‍ക്കാര്‍ മുട്ടിലിഴയുകയാണ്. അയ്യപ്പന്റെ ശാപം ഇപ്പോള്‍ സമന്‍സായി കിട്ടുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

യുഡിഎഫ് പടന്ന പഞ്ചായത്ത് ചെയര്‍മാന്‍ ടികെസി മുഹമ്മദലി ഹാജി അധ്യക്ഷത വഹിച്ച പരിപാടിയില്‍ കെ എം ഷംസുദ്ദീന്‍ ഹാജി, ഡിസിസി ജനറല്‍ സെക്രട്ടറി കെ പി പ്രകാശന്‍, പികെസി റൗഫ് ഹാജി, സത്താര്‍ വടക്കുമ്പാട്, ബിസിഎ റഹ്‌മാന്‍, പി വി മുഹമ്മദ് അസ്ലം, യു സി മുഹമ്മദ് കുഞ്ഞി, കെ വി ജതീന്ദ്രന്‍, എച്ച്എം കുഞ്ഞബ്ദുള്ള, കെഎം റഹ്‌മാന്‍, ടിഡി കബീര്‍, പികെസി നാസര്‍ ഹാജി, യു കെ മുഷ്താഖ്, എ ബി അഷ്‌റഫ്, ജില്ലാ പഞ്ചായത്ത് ചെറുവത്തൂര്‍ ഡിവിഷന്‍ സ്ഥാനാര്‍ഥി വി എം സാന്ദ്ര, ബ്ലോക്ക് പഞ്ചായത്ത് പടന്ന ഡിവിഷന്‍ സ്ഥാനാര്‍ഥി എം കെ. അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു.

ഉദുമയില്‍ നടത്തിയ യുഡിഎഫ് തിരഞ്ഞെടുപ്പ് യോഗത്തില്‍ കെബിഎം ഷരീഫ് അധ്യക്ഷത വഹിച്ചു. യുഡിഎഫിന്റെ സ്ഥാനാര്‍ഥികളെ ഷാജി ഷാള്‍ അണിയിച്ച് സ്വീകരിച്ചു. കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. ഹക്കീം കുന്നില്‍, ധന്യാ സുരേഷ്, ബാലകൃഷ്ണന്‍ പെരിയ, അഡ്വ. ഹസീബ്, സാജിദ് മൗവ്വല്‍, അഡ്വ. പി വി സുരേഷ്, ഖാദര്‍ കാത്തിം, എംഎച്ച് മുഹമ്മദ് കുഞ്ഞി, പ്രഭാകരന്‍ തെക്കേക്കര തുടങ്ങിയവര്‍ സംസാരിച്ചു.

Content Highlights: km shaji against pinarayi vijayan

To advertise here,contact us