'പുറത്ത് വന്ന വാർത്തകൾ കിംവദന്തികൾ മാത്രം'; ഹേമന്ത് സോറന്‍ ബിജെപിയിലേക്ക് എന്ന വാർത്ത തള്ളി കെ സി വേണുഗോപാൽ

ഇത്തരം വിലകുറഞ്ഞ പ്രചരണം സഖ്യത്തെ ബാധിക്കില്ലെന്നും കെ സി വേണുഗോപാൽ

തിരുവനന്തപുരം: ഹേമന്ത് സോറന്‍ ബിജെപിയിലേക്ക് എന്ന വാര്‍ത്തയില്‍ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാല്‍. ഹേമന്ത് സോറനുമായി സംസാരിച്ചുവെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട് പുറത്തുവന്നത് കിംവദന്തികളാണെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി. 'രാഷ്ട്രീയ അരക്ഷിതാവസ്ഥയുടെ അടയാളങ്ങളാണ് കാണുന്നത്. ഇത്തരം വിലകുറഞ്ഞ പ്രചരണം സഖ്യത്തെ ബാധിക്കില്ല. ജനങ്ങള്‍ ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തെ അവര്‍ക്ക് ഒരിക്കലും ദുര്‍ബലപ്പെടുത്താന്‍ കഴിയില്ല.' കെ സി വേണുഗോപാല്‍ എക്‌സില്‍ കുറിച്ചു.

ഹേമന്ത് സോറനും ഭാര്യ കല്‍പന സോറനും ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റുവിഭജന തര്‍ക്കങ്ങള്‍ക്ക് പിന്നാലെ ഹേമന്ത് സോറന്‍ പാര്‍ട്ടി വിടുന്നു എന്നായിരുന്നു വിവരം. എന്നാല്‍ ഈ വാര്‍ത്തകളെല്ലാം തള്ളിക്കൊണ്ടാണ് കെ സി വേണുഗോപാല്‍ രംഗത്തെത്തിയത്. നിലവില്‍ ഇന്‍ഡ്യാ സഖ്യത്തിലെ കക്ഷിയാണ് ജെഎംഎം.

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന്റെ ഭാഗമായി 16 സീറ്റുകള്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ലക്ഷ്യം വെച്ചിരുന്നുവെങ്കിലും ആര്‍ജെഡി, കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊള്ളാന്‍ വൈകി. ഇത് സഖ്യവുമായുള്ള പാര്‍ട്ടിയുടെ ബന്ധം വഷളാക്കിയിരുന്നു.

ജാര്‍ഖണ്ഡ് വികസനം, അന്തരിച്ച ജെഎംഎം സ്ഥാപകനും മുന്‍ മുഖ്യമന്ത്രിയുമായ ഷിബു സോറന് ഭാരതരത്നം നല്‍കുന്നതടക്കമുള്ള വിഷയങ്ങള്‍ പരിഗണിച്ചാണ് ജെഎംഎം ബിജെപിയുമായി അടുക്കുന്നതെന്നുമാണ് പുറത്ത് വന്ന റിപ്പോര്‍ട്ട്. ഇതിന് പുറമേ ഇഡി കേസ് നിലനില്‍ക്കുന്നതും സോറനെ മുന്നണി മാറ്റത്തിന് പ്രേരിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Content Highlight; KC Venugopal dismisses reports claiming that Hemant Soren is joining the BJP

To advertise here,contact us