തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടി പുറത്താക്കുമെന്ന് സൂചന. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ മുരളീധരനും രമേശ് ചെന്നിത്തലയും രാഹുലിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തില്നിന്ന് പുറത്താക്കണമെന്ന നിലപാട് ശക്തമാക്കിയതിന് പിന്നാലെയാണ് ഈ നീക്കം. പാർട്ടിക്കുള്ളില് രാഹുലിനെതിരെ അതൃപ്തി പുകയുകയാണ്.
രാഹുലിനെതിരെ ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായെന്ന പ്രതികരണവുമായി കോണ്ഗ്രസ് നേതാവ് കെ മുരളീധരന് ഇന്ന് രംഗത്തുവന്നു. കോൺഗ്രസ് അദ്ദേഹവുമായുള്ള ബന്ധം വിച്ഛേദിച്ചുകഴിഞ്ഞെന്നും രാഹുലിന്റെ കാര്യത്തിൽ പാർട്ടി ഒരു തീരുമാനം വേഗത്തിൽ കൈക്കൊള്ളുമെന്നും കെ മുരളീധരൻ പറഞ്ഞു. തെറ്റുതിരുത്തി തിരിച്ചുവരാനുള്ള മാർഗമാണ് കോൺഗ്രസ് അനുവർത്തിച്ച് വരുന്നതെങ്കിലും രാഹുലിന്റെ കാര്യത്തിൽ അതിന് ഇനി സാധ്യതയില്ല. ഈ സാഹചര്യത്തിൽ ഉചിതമായ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കെ മുരളീധരൻ പറഞ്ഞു.
പുകഞ്ഞ കൊള്ളി പുറത്താണ്, ആ പുകഞ്ഞ കൊള്ളിയോട് സ്നേഹമുള്ളവർക്കും പാർട്ടിക്ക് പുറത്തുപോകാം. നിലവിൽ സസ്പെൻഷനിലായ രാഹുലിനെതിരെ തുടർനടപടികൾ സ്വീകരിക്കും. ഇപ്പോൾ ഏതാണ്ട് ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായിട്ടുണ്ട്. രാഹുലിനെ സസ്പെൻഡ് ചെയ്യുമ്പോൾ രേഖാമൂലമുള്ള പരാതി ലഭിച്ചിരുന്നില്ല. എന്നാൽ ഇന്ന് സ്ഥിതി അങ്ങനെയല്ല സർക്കാരിനും പാർട്ടിക്കും മുന്നിൽ രേഖാമൂലം പരാതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൊക്കിൾകൊടി ബന്ധം വിച്ഛേദിച്ച് കഴിഞ്ഞാൽ ഞങ്ങൾക്കതിൽ ഒരു ഉത്തരവാദിത്തവുമില്ല. രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരണമോ വേണ്ടയോ എന്നത് സ്പീക്കറാണ് തീരുമാനിക്കേണ്ടത്. പാർട്ടി ഏല്പിച്ച കാര്യങ്ങൾ ചെയ്യാത്ത ആൾ പാർട്ടിക്ക് പുറത്താണ്. പാർട്ടി രാഹുലിനെ ഏല്പിച്ചത് ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാനാണ് അല്ലാതെ മതിൽ ചാടാനല്ല. ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നവർക്ക് ഇമ്മാതിരി പ്രവർത്തി ചെയ്യാൻ കഴിയില്ല. ഔദ്യോഗിക ജോലികളും പാർട്ടി ജോലികളും ഉള്ളവർ ഇത്തരം കാര്യങ്ങൾ ചെയ്യില്ല. അത്തരക്കാർ പൊതുരംഗത്ത് മാത്രമല്ല ഒരു രംഗത്തും നിൽക്കാൻ യോഗ്യരല്ല. ആർക്കും ആരെയും തിരിച്ചറിയാൻ പറ്റില്ലല്ലോ, മനസിൽ കാമറ വെക്കാനാവില്ലല്ലോയെന്നും കെ മുരളീധരൻ പറഞ്ഞു.
പൊതു രംഗത്ത് പ്രവർത്തിക്കുന്ന ഒരാൾക്ക് അത്യാവശ്യമായി വേണ്ടത് സദാചാരമാണ്. പാർട്ടിയുടെ അന്തസ്സ് കാത്ത് സൂക്ഷിക്കണമെന്നാണ് നിലപാട്. അതിനെതിരെ ആര് നീങ്ങിയാലും പാർട്ടി നടപടി സ്വീകരിക്കും. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് മാന്യതവേണം. കെപിസിസി പ്രസിഡന്റുമായി സംസാരിച്ചിട്ടുണ്ട്. പ്രസിഡന്റ് എന്ത് പറഞ്ഞുവെന്നത് ആക്ഷനിലൂടെ വരുമെന്നും കെ മുരളീധരൻ പറഞ്ഞു.
Content Highlights: K Muraleedharan against Rahul Mamkootathil