രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണം; പാർട്ടി നേതൃത്വം നടപടി സ്വീകരിക്കും എന്നാണ് വിശ്വസിക്കുന്നത്: വിഎം സുധീരന്‍

രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ പാർട്ടി കൃത്യമായ നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്നും വി എം സുധീരന്‍ പറഞ്ഞു

കോഴിക്കോട് : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. നിയമസഭാ അംഗത്വം രാജിവച്ച് ഒഴിവായി പോകുന്നതാണ് ഉചിതമെന്ന് അദ്ദേഹം വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ പാർട്ടി കൃത്യമായ നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. പരാതിക്ക് മുൻപ് തന്നെ നേതൃത്വം നടപടിയെടുത്തു. ഇതിനെക്കാൾ ഗുരുതരമായ ആരോപണങ്ങൾ വന്നപ്പോൾ പോലും മറ്റൊരു പാർട്ടിയും എടുക്കാത്ത നിലപാടാണ് രാഹുൽ വിഷയത്തിൽ കോൺഗ്രസ് എടുത്തതെന്നും വിഎം സുധീരന്‍ പറഞ്ഞു.

ഇപ്പോൾ സ്ഥിതി കുറച്ചു കൂടി മോശമായി. രാഹുലിന് ഇനി പാർട്ടിയിൽ തുടരാൻ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുകയാണ്. ഒരു ജനപ്രതിനിധി എന്ന നിലയിൽ ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത കാര്യങ്ങളാണ് ആയാൾക്ക് എതിരെ ഉയർന്നു വന്നിട്ടുള്ളത്. ഈ കാര്യത്തിൽ ഇനിയും സാങ്കേതികത്വം നോക്കാതെ എത്രയും വേഗത്തിൽ തന്നെ കർശനവും മാതൃകാപരവുമായ നടപടി സ്വീകരിക്കാൻ പാർട്ടി നേതൃത്വം തയ്യാറാകണം. രാഹുലിനെ കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറം തള്ളുകയാണ് അഭികാമ്യമെന്നും മുന്‍ കെപിസിസി അധ്യക്ഷന്‍ വ്യക്തമാക്കി.

രാഹുൽ വിഷയത്തിൽ പാർട്ടി നേതൃത്വം നടപടി സ്വീകരിക്കും എന്നാണ് വിശ്വസിക്കുന്നത്. ഇനിയും അത് വൈകരുത് എന്നതാണ് ആവശ്യം. ഇതുവരെ കോൺഗ്രസ് പാർട്ടി മറ്റു പാർട്ടികൾക്ക് മാതൃകയായി പ്രവർത്തിച്ചു. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫുമായും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി ഞാൻ സംസാരിച്ചുവെന്നും വി എം സുധീരന്‍ പറഞ്ഞു. ശബരിമല സ്വർണ്ണക്കൊള്ളയിൽ അറസ്റ്റിലായ പത്മകുമാറിനെയും എൻ വാസുവിനെയും തള്ളിപ്പറയാൻ സിപിഐഎം തയ്യാറായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധിയുണ്ടായില്ല. നാളെ കോടതി അന്തിമവാദം കേള്‍ക്കും. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഒന്നേമുക്കാല്‍ മണിക്കൂറോളമാണ് കേസില്‍ ഇന്ന് വാദമുണ്ടായത്. കേസുമായി ബന്ധപ്പെട്ട് ചില രേഖകള്‍ പരിശോധിക്കാനുണ്ടെന്ന് കോടതി പറഞ്ഞിരുന്നു. ഈ രേഖകള്‍ കൂടി പരിശോധിച്ചശേഷം നാളെ രാവിലെ പതിനൊന്ന് മണിയോടെ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്തിമ വാദം നാളത്തേക്ക് മാറ്റിയെങ്കിലും രാഹുലിനെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞിട്ടില്ല.

Content Highlight : I believe that the party leadership will take action on the Rahul issue: VM Sudheeran

To advertise here,contact us