കോട്ടയം: രാഹുല് മാങ്കൂട്ടത്തിലിനെതിരെ ഒരു വിട്ടുവീഴ്ച്ചയുമില്ലാതെ നടപടി എടുക്കുമെന്നാണ് തന്റെ വിശ്വാസമെന്ന് മുതിര്ന്ന കോണ്ഗ്രസ് നേതാവ് തിരുവഞ്ചൂര് രാധാകൃഷ്ണന്. രാഹുലിനെതിരെ വീണ്ടും പരാതി ഉയര്ന്ന സാഹചര്യത്തില് ജനങ്ങളെക്കൂടി ബോധ്യപ്പെടുത്തുന്ന നടപടി എടുത്തേ മതിയാകൂ എന്നാണ് തിരുവഞ്ചൂര് രാധാകൃഷ്ണന് പറയുന്നത്. പാര്ട്ടിക്ക് കടുത്ത നടപടിയിലേക്ക് പോകാതിരിക്കാന് സാധ്യമല്ല എന്നാണ് നിലപാടെന്നും അന്തിമ തീരുമാനമെടുക്കേണ്ടത് നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം.
'തൊലിപ്പുറത്തുളള ചികിത്സ കൊണ്ട് ഇത് സാധ്യമല്ല. വളരെ കൃത്യമായ നടപടി എടുത്തേ മതിയാകൂ. നേരത്തെ ഒരു പരാതി വന്നപ്പോള് പാര്ട്ടിക്ക് എടുക്കാവുന്ന നടപടിയെടുത്തു. പാര്ട്ടിയില് നിന്നും പുറത്താക്കി. വീണ്ടും അതാവര്ത്തിക്കുമ്പോള് പാര്ട്ടിക്ക് സ്ട്രോങ് ആയ നടപടിയിലേക്ക് പോകാതിരിക്കാനാവില്ല. ഒരു വിട്ടുവീഴ്ച്ചയുമില്ലാതെ നടപടി എടുക്കും എന്നാണ് എന്റെ വിശ്വാസം': തിരുവഞ്ചൂര് രാധാകൃഷ്ണന് പറഞ്ഞു.
നിരന്തരം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി ഉയരുന്ന പശ്ചാത്തലത്തിൽ പാർട്ടി അദ്ദേഹത്തെ പുറത്താക്കുമെന്നാണ് സൂചന. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ മുരളീധരനും രമേശ് ചെന്നിത്തലയും രാഹുലിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തില്നിന്ന് പുറത്താക്കണമെന്ന നിലപാട് ശക്തമാക്കിയതിന് പിന്നാലെയാണ് ഈ നീക്കം. പാർട്ടിക്കുള്ളില് രാഹുലിനെതിരെ അതൃപ്തി പുകയുകയാണ്.
രാഹുലിനെതിരായ പരാതികളിൽ കോൺഗ്രസ് ഹൈക്കമാൻഡും സമ്മർദത്തിലാണ്. പരാതികള് ഹൈക്കമാന്ഡിലേക്കും എത്തിയതോടെയാണ് സമ്മര്ദത്തിലായത്. ചര്ച്ചകളില് ഹൈക്കമാന്ഡിനെ വലിച്ചിഴച്ചതില് അതൃപ്തി പുകയുന്നുണ്ട്. വിഷയം ദേശീയതലത്തില് ബിജെപി ആയുധമാക്കുമോ എന്നാണ് പാര്ട്ടി ദേശീയ നേതൃത്വത്തിന്റെ ആശങ്ക. വിഷയത്തില് കേരളം തുടര്നടപടികള് എത്രയുംവേഗം എടുക്കണം എന്നാണ് നിര്ദേശം. കേരളത്തില് എത്തുന്ന കെ സി വേണുഗോപാല് നേതാക്കളുമായി സംസാരിക്കുമെന്നാണ് വിവരം.
Content Highlights: Hopeful that action will be taken against Rahul Mamkoottathil:Thiruvanchoor Radhakrishnan