തിരുവനന്തപുരം: ശബരിമല സ്വര്ണക്കൊളള വിഷയം ഉയര്ത്തിയുളള കോണ്ഗ്രസിന്റെ ക്യാംപെയ്ന് മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. 'അമ്പലക്കളളന്മാര് കടക്ക് പുറത്ത്' എന്ന കോണ്ഗ്രസിന്റെ ക്യാംപെയ്ന് ബദലായി വയനാടിന്റെ പേരില് പിരിച്ചു മുക്കിയ കളള കോണ്ഗ്രസുകാരെ കടക്ക് പുറത്ത് എന്ന ക്യാംപെയ്നുമായി രംഗത്തെത്തിയാണ് ഡിവൈഎഫ്ഐയുടെ മറുപടി.
'വയനാടിന്റെ പേരില് പണം പിരിച്ച് മുക്കിയ, ബലാത്സംഗ വീരന്മാരും അവരെ സംരക്ഷിക്കുന്നവരും കടക്ക് പുറത്ത്'എന്ന് വി കെ സനോജ് ഫേസ്ബുക്കില് കുറിച്ചു. വയനാടിന്റെ പേരില് പിരിച്ചു മുക്കിയ കളള കോണ്ഗ്രസുകാരെ കടക്ക് പുറത്ത് എന്നുളള ചിത്രവും സനോജ് പങ്കുവെച്ചു.
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതികളിൽ പാർട്ടി സമ്മർദത്തിലായ സാഹചര്യത്തിലാണ് ശബരിമല സ്വർണ്ണക്കൊള്ള വിഷയം ഉയർത്തി പ്രതിരോധം തീർക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. തദ്ദേശതെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുൽ മാങ്കൂട്ടത്തിൽ വിഷയം കനത്ത തിരിച്ചടിയാകുമെന്നടക്കമുള്ള അഭിപ്രായം പാർട്ടിക്കുള്ളിൽനിന്നുതന്നെ ഉയർന്നതോടെയായിരുന്നു ഈ നീക്കം. 'അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്' എന്ന പുതിയ കാമ്പെയിൻ സമൂഹമാധ്യമത്തിൽ സജീവമാക്കുകയായിരുന്നു കോൺഗ്രസ്.
നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ ഈ മുദ്രാവാക്യം പ്രൊഫൈൽ ചിത്രമാക്കി പ്രചാരണം ശക്തമാക്കാനായിരുന്നു തീരുമാനം. പ്രതിപക്ഷ നേതാവ് വി ഡി സതിശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, ഹൈബി ഈഡൻ, ചാണ്ടി ഉമ്മൻ തുടങ്ങിയവർ ഈ കാമ്പെയിന്റെ ഭാഗമായി. അതിനിടെയാണ് കോൺഗ്രസിനെ പരിഹസിച്ച് മറു ക്യാംപെയ്നുമായി വി കെ സനോജ് രംഗത്തെത്തിയത്.
Content Highlights: DYFI launch campaign against congress for supporting rahul mamkoottathil