തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട രേഖകളിൽ വിശദമായ പരിശോധന വേണമെന്ന് കോടതി. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് തിരുവനന്തപുരം സെഷൻസ് കോടതി ഇക്കാര്യം പറഞ്ഞത്.ഇരുഭാഗവും നൽകിയ രേഖകൾ പരിശോധിക്കും. എന്നാൽ വിധി പറയും വരെ അറസ്റ്റുണ്ടാകില്ലെന്ന ഉറപ്പ് വേണമെന്നും വിധി നീണ്ടുപോയാൽ അറസ്റ്റ് തടയണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും പൊലീസ് നടപടിയിൽ ഉറപ്പ് നൽകാനാവില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.
പ്രതിഭാഗത്തിന്റെയും വാദിഭാഗത്തിന്റെയും ആവശ്യം പരിഗണിച്ച് അടച്ചിട്ട മുറിയിലാണ് കേസിന്റെ വാദം നടന്നത്. അതിജീവിതയുടെ രഹസ്യമൊഴി കോടതിയിൽ വായിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. ഈ ഘട്ടത്തിൽ രാഹുൽ പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കാൻ ഇടയുണ്ട്. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടതുണ്ട്. രാഹുൽ സ്ഥിരം കുറ്റവാളിയാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.
മുഖ്യമന്ത്രിക്ക് പരാതി നല്കിയ യുവതിയുമായി നടന്നത് ഉഭയസമ്മത പ്രകാരമുളള ലൈംഗികബന്ധമെന്ന് രാഹുലിന്റെ അഭിഭാഷകൻ വാദിച്ചു. മറ്റാരുടെയും പ്രേരണയില്ലാതെയാണ് യുവതി ഗര്ഭചിദ്രത്തിനുളള മരുന്ന് കഴിച്ചതെന്നും ബലാത്സംഗം നടന്ന കാലയളവില് പൊലീസുമായും വനിതാ സെല്ലുമായും വനിതാ വിംഗുമായും അതിജീവിതയ്ക്ക് ബന്ധമുണ്ടായിരുന്നെന്നും രാഹുലിന്റെ അഭിഭാഷകന് കോടതിയിൽ പറഞ്ഞു. ഗാര്ഹിക പീഡനത്തിന് പരാതി കൊടുത്തപ്പോള് പൊലീസുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നെന്നും പീഡനം നടന്നിട്ടുണ്ടെങ്കില് അന്ന് പരാതി കൊടുക്കാമായിരുന്നു എന്നും പ്രതിഭാഗം വാദിക്കുകയുണ്ടായി.
Content Highlights: Court says need detailed examination of documents related to Rahul Mamkootathil case