വീണ്ടും കുരുക്ക്; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതിയിലും കേസ്; ബലാത്സംഗക്കുറ്റം ചുമത്തി

പ്രത്യേക സംഘം കേസ് അന്വേഷിക്കും

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതിയിലും കേസ്. ക്രൈംബ്രാഞ്ചാണ് ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി ക്രൈംബ്രാഞ്ച് അറിയിച്ചു. ഡിവൈഎസ്പി സജീവനാണ് അന്വേഷണ ചുമതല. യുവതി കെപിസിസിക്ക് അയച്ച മെയിൽ ഡിജിപിക്ക് ഇന്നലെ കൈമാറിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

യുവതിയില്‍ നിന്ന് മൊഴിയെടുക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. യുവതിയുള്ള സ്ഥലത്ത് എത്തിയായിരിക്കും മൊഴിയെടുപ്പ്. പ്രാഥമിക വിവര ശേഖരണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേസ്. കേസെടുക്കാന്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.

ഇന്നലെയായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിനെതിരെ 23കാരിയായ യുവതി കെപിസിസിക്കും രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കും പരാതി നൽകിയത്. രാഹുലിനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു യുവതി ഉന്നയിച്ചിരുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ ക്രൂരമായി പീഡിപ്പിച്ചെന്ന് യുവതി പരാതിയിൽ പറഞ്ഞിരുന്നു. വിവാഹ വാഗ്ദാനം നൽകി ഹോം സ്റ്റേയിൽ വിളിച്ചുവരുത്തിയായിരുന്നു പീഡനം. ഗർഭം ധരിക്കാൻ രാഹുൽ നിർബന്ധിച്ചു. പൊലീസിൽ പരാതി നൽകാത്തത് ഭയം കാരണമെന്നും യുവതി പരാതിയിൽ പറയുന്നു. രാഹുലും സുഹൃത്ത് ഫെന്നി നൈനാനും ചേർന്ന് കാറിൽ ഹോം സ്റ്റേയിൽ എത്തിച്ചെന്നും ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്നും ഇമെയില്‍ മുഖേന യുവതി നേതാക്കൾക്ക് അയച്ച പരാതിയിൽ പറഞ്ഞിരുന്നു.

Content Highighlight; A second case has now been registered against Rahul Mamkoottatil

To advertise here,contact us