രാഹുല്‍ ഈശ്വര്‍ പട്ടിണി കിടന്നാല്‍ ആര്‍ക്കും ഒരു ചേതവുമില്ല, പീഡനവീരനെ ന്യായീകരിച്ചതിനല്ലേ: വി ശിവന്‍കുട്ടി

രാഹുല്‍ ഈശ്വറിന് സ്വന്തം കുടുംബത്തിലെ ഒരു പെണ്‍കുട്ടിക്ക് ഇങ്ങനെ അനുഭവമുണ്ടായാലേ മനസിലാകൂ എന്നും ശിവൻകുട്ടി പറഞ്ഞു

കണ്ണൂര്‍: രാഹുല്‍ ഈശ്വര്‍ ജയിലില്‍ നിരാഹാരസമരം ചെയ്യുകയാണെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. രാഹുല്‍ ഈശ്വര്‍ പട്ടിണി കിടന്നാല്‍ ഇവിടെ ആര്‍ക്കും ഒരു ചേതവുമില്ലെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കും എന്നല്ലാതെ ആര്‍ക്കാണ് പ്രശ്‌നമെന്നും കക്ഷി രാഷ്ട്രീയത്തിന് അതീതമായി ആരും രാഹുല്‍ ഈശ്വറിനെ തിരിഞ്ഞുപോലും നോക്കില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു. രാഹുല്‍ ഈശ്വറിന് സ്വന്തം കുടുംബത്തിലെ ഒരു പെണ്‍കുട്ടിക്ക് ഇങ്ങനെ അനുഭവമുണ്ടായാലേ മനസിലാകൂ എന്നും അദ്ദേഹം പറഞ്ഞു.

'രാഹുല്‍ ഈശ്വര്‍ പട്ടിണി കിടന്നാല്‍ അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. അല്ലാതെ ആര്‍ക്കാണ് പ്രശ്‌നം? മഹാത്മാഗാന്ധി പണ്ട് ജയിലില്‍ നിരാഹാരം കിടന്നിട്ടുണ്ട്. മൊട്ടുസൂചിയുടെ ഉപകാരമുളളതിനാണ് നിരാഹാരമെങ്കില്‍ ജനങ്ങള്‍ തിരിഞ്ഞുനോക്കും. ഇത് പീഡനവീരനെ ന്യായീകരിച്ചതിനല്ലേ? ഇരയെ തകര്‍ക്കുന്ന കാപാലികനാണ് രാഹുല്‍ ഈശ്വര്‍. രാഹുല്‍ ഈശ്വറിന്റെ കുടുംബത്തിലെ പെണ്‍കുട്ടിക്ക് ഇങ്ങനെ അനുഭവമുണ്ടായാലേ അദ്ദേഹത്തിന് അത് മനസിലാവൂ': വി ശിവന്‍കുട്ടി പറഞ്ഞു.

റിമാന്‍ഡിലായ രാഹുല്‍ ഈശ്വര്‍ നിരാഹാരസമരം തുടരുകയാണെന്ന് ഭാര്യ ദീപ രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു. 'ജയിലിലേക്ക് കൊണ്ടുപോയ സമയത്ത് ജ്യൂസും ഭക്ഷണവും വാങ്ങിക്കൊടുത്തിരുന്നു. അത് അദ്ദേഹം കഴിച്ചില്ല. നിരാഹാരവുമായി മുന്നോട്ടുപോവുകയാണ്. ശബരിമല വിഷയത്തിലും അങ്ങനെ തന്നെയായിരുന്നു' എന്നാണ് ദീപ രാഹുല്‍ ഈശ്വര്‍ പറഞ്ഞത്.

Content Highlights: V Sivankutty Comments on rahul easwar hunger strike in jail

To advertise here,contact us