രാഹുലിനെതിരെ എടുത്തത് മാതൃകാപരമായ നടപടി; സിപിഐഎം ആണെങ്കില്‍ ഒന്നും ചെയ്യില്ല: വി ഡി സതീശന്‍

എംഎല്‍എ ഒളിവില്‍ പോയത് തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പുതിയ പരാതി കെപിസിസി പ്രസിഡന്റ് ഡിജിപിക്ക് കൈമാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മാതൃകാപരമായ നടപടിയാണെന്നും സിപിഐഎം ആണെങ്കില്‍ ഒന്നും ചെയ്യില്ലെന്നും അദ്ദേഹം ആരോപിച്ചു.

രാഹുലിനെതിരെ നേരത്തെ പരാതി കിട്ടിയിട്ടില്ല. ഇന്നാണ് പരാതി ലഭിച്ചത്. മുഖ്യമന്ത്രിക്ക് പരാതി നൽകിയ പെൺകുട്ടി തനിക്കും പരാതി നൽകിയിരുന്നു. പാര്‍ട്ടിക്ക് ശക്തമായ നിലപാടുണ്ട്. പാര്‍ട്ടി ഗൗരവത്തോടെ ഇത് ചര്‍ച്ച ചെയ്യും. നേരത്തെ തീരുമാനം എടുത്തപോലെ കൂട്ടായ തീരുമാനം എടുക്കും. രാഹുൽ മാങ്കൂട്ടത്തിലിനെ ആരും പ്രതിരോധിക്കാന്‍ നിന്നിട്ടില്ല. പൊലീസ് അന്വേഷണം നടക്കട്ടെയെന്നും വി ഡി സതീശന്‍ പറഞ്ഞു. ഫെന്നി നൈനാൻ യുഡിഎഫ് സ്ഥാനാർത്ഥിയായത് അന്വേഷിക്കാമെന്നും വി ഡി സതീശൻ വ്യക്തമാക്കി.

തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി ചീത്തപ്പേരുണ്ടാക്കിയ സാഹചര്യത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്ലിനെ സസ്‌പെന്‍ഡ് ചെയ്തതെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പ്രതികരിച്ചു. പരാതി ഡിജിപിയ്ക്ക് അയച്ചു. കെപിസിസി പ്രസിഡന്റിനെ വിളിച്ച് അന്വേഷിച്ചു. പരാതിയില്‍ പേര് വിവരങ്ങളില്ല. നിലവില്‍ അന്വേഷിക്കുന്ന അതേ വിഷയമാണ് പരാതി രൂപത്തില്‍ കിട്ടിയത്. അതിജീവിത എന്ന നിലയില്‍ പാര്‍ട്ടിക്ക് ചെയ്യാവുന്ന കാര്യം ചെയ്തു. അന്വേഷണത്തിന് പൊലീസുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എംഎല്‍എ ഒളിവില്‍ പോയത് തങ്ങളുടെ ഉത്തരവാദിത്തമല്ല. അത് കണ്ടെത്തേണ്ടത് പൊലീസാണ്.ചെയ്ത പ്രവൃത്തിയുടെ ഫലമായിട്ടാണ് പുറത്താക്കിയത്. 11 കഴിയുന്നതുവരെ സര്‍ക്കാര്‍ ഇതിന് പ്രാധാന്യം കൊടുക്കും. അതിജീവിതയെ സംരക്ഷിക്കണം എന്നതല്ല സര്‍ക്കാരിന്റെ നിലപാട്.രാഹുല്‍ എവിടെയെന്ന് ഇനി കാണുമ്പോള്‍ അദ്ദേഹത്തോട് തന്നെ ചോദിക്കൂവെന്നും കെ മുരളീധരന്‍ പറഞ്ഞു.

രാഹുലിനെതിരെ ഗുരുതരാരോപണങ്ങളുമായാണ് മറ്റൊരു യുവതി ഇന്ന് രംഗത്തെത്തിയത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. രാഹുലിന്റെ പ്രവൃത്തികള്‍ ജീവിതത്തിലുണ്ടാക്കിയത് മറക്കാനാവാത്ത മുറിവുകളാണെന്നും പെണ്‍കുട്ടി പറയുന്നു. കേരളത്തിന് പുറത്ത് താമസിക്കുന്ന 23-കാരിയാണ് രാഹുലിനെതിരെ പരാതിയുമായി കെപിസിസിയെ അടക്കം സമീപിച്ചത്.

വിവാഹ വാഗ്ദാനം നൽകിയാണ് ഹോംസ്റ്റേയിലെത്തിച്ചതെന്ന് യുവതി പരാതിയിൽ പറയുന്നുണ്ട്. കുടുംബവുമായി സംസാരിക്കുന്നതിന് മുമ്പ് സ്വകാര്യമായി സംസാരിക്കണമെന്ന് പറഞ്ഞ് കൊണ്ടുപോവുകയായിരുന്നുവെന്നും ഫെന്നി നൈനാനും ഒപ്പമുണ്ടായിരുന്നുവെന്നും പരാതിക്കാരി പറയുന്നു. ഹോംസ്റ്റേയിലെത്തിയ ശേഷം മുറിയിലേക്ക് കയറി. സംസാരിക്കാൻ പോലും കൂട്ടാക്കാതെ ശാരീരികമായി അടുക്കാൻ ശ്രമിച്ചു. എതിർപ്പ് വകവയ്ക്കാതെ അയാൾ തന്നെ ക്രൂരമായി ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന് യുവതി പറയുന്നു.

രാഹുൽ നിർബന്ധിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നും യുവതി പറയുന്നുണ്ട്. അതിന്റെ ഫലമായി തനിക്ക് കടുത്ത പരിഭ്രാന്തി ഉണ്ടായെന്നും ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടായെന്നും യുവതി പറയുന്നു. ഇത് അസഹനീയമായ ശാരീരികാഘാതത്തിന് കാരണമായി.ശരീരത്തിൽ നിരവധി മുറിവുകളും പരിക്കുകളും ഉണ്ടായി. പിന്നീട്, വിവാഹത്തെക്കുറിച്ച് സംസാരിച്ചപ്പോൾ, തന്നെ ഉൾപ്പെടെ ആരെയും വിവാഹം കഴിക്കാൻ തനിക്ക് ഉദ്ദേശ്യമില്ലെന്നും തന്റെ രാഷ്ട്രീയ ജീവിതം ഒരിക്കലും തന്റെ ഭാര്യക്കോ കുട്ടിക്കോ ആവശ്യമായ ശ്രദ്ധ നൽകാൻ അനുവദിക്കില്ലെന്നും ആയിരുന്നു രാഹുലിന്റെ മറുപടിയെന്നും പരാതിക്കാരി വ്യക്തമാക്കിയിരുന്നു.

Content Highlights: v d satheesan on new complaint against rahul mamkootathil

To advertise here,contact us