തിരുവനന്തപുരം: രാഹുല് മാങ്കൂട്ടത്തില് എംഎല്എക്കെതിരായ കേസില് കോണ്ഗ്രസ് ഇപ്പോള് സ്വീകരിക്കുന്ന നടപടികള് നില്ക്കക്കള്ളിയില്ലാതെയാണെന്ന് എല്ഡിഎഫ് കണ്വീനര് ടി പി രാമകൃഷ്ണന്. കോണ്ഗ്രസ് രാഹുലിനെ ഉപേക്ഷിക്കുന്നുവെന്നതിന്റെ സൂചനയാണ് നേതൃത്വത്തിന് കിട്ടിയ പരാതി പൊലീസിന് കൈമാറിയതിലൂടെ മനസിലാക്കേണ്ടതെന്നും ഈ സമീപനമാണ് കോണ്ഗ്രസ് തുടക്കത്തില് സ്വീകരിക്കേണ്ടിയിരുന്നതെന്നും ടി പി രാമകൃഷ്ണന് പറഞ്ഞു.
രാഹുലിന്റെ വിഷയത്തില് കോണ്ഗ്രസിന് ഇപ്പോള് ഒഴിഞ്ഞുമാറാന് കഴിയാത്ത സ്ഥിതി വന്നു. കുറ്റകൃത്യത്തിന് എതിരായി ശക്തമായ നിലപാട് നേരത്തെ എടുക്കേണ്ടതായിരുന്നു. എന്നാല് നില്ക്കക്കള്ളിയില്ലാതെ വന്നപ്പോഴാണ് ഇത്തരമൊരു നിലപാട് കോണ്ഗ്രസ് സ്വീകരിച്ചത്. ഇപ്പോഴും രാഹുലിനെതിരെ സസ്പെന്ഷന് നടപടി മാത്രമാണുള്ളത്. രാഹുല് ജനപ്രതിനിധിയായി തുടരണമോയെന്ന് കോണ്ഗ്രസ് തീരുമാനിക്കണം. സഹോദരിമാരും ഭാര്യമാരും ഉള്ളവര്ക്ക് അംഗീകരിക്കാന് കഴിയാത്ത ആരോപണങ്ങളാണ് ഉയര്ന്നിരിക്കുന്നതെന്നും ഇപ്പോഴും രാഹുലിനെ ഒളിവില് കഴിയാന് സഹായിക്കുന്നത് കോണ്ഗ്രസിലെ നേതാക്കളാണെന്നും ടി പി രാമകൃഷ്ണന് ആരോപിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് ടി പി രാമകൃഷ്ണൻ്റെ പ്രതികരണം.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ പരാതിയിലുള്ളത്. രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗം ചെയ്തെന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും യുവതി പരാതി നൽകി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും യുവതി പരാതി നൽകിയിട്ടുണ്ട്. പരാതി കെപിസിസി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിൽ ക്രൂരമായി പീഡിപ്പിച്ചെന്ന് യുവതി പരാതിയിൽ പറയുന്നു. വിവാഹ വാഗ്ദാനം നൽകി ഹോം സ്റ്റേയിൽ വിളിച്ചുവരുത്തിയായിരുന്നു പീഡനം. ഗർഭം ധരിക്കാൻ രാഹുൽ നിർബന്ധിച്ചുവെന്നും പൊലീസിൽ പരാതി നൽകാത്തത് ഭയം കാരണമാണെന്നും യുവതി പരാതിയിൽ പറയുന്നുണ്ട്. രാഹുലും സുഹൃത്ത് ഫെന്നി നൈനാനും ചേർന്ന് കാറിൽ ഹോം സ്റ്റേയിൽ എത്തിച്ചെന്നും രാഹുൽ ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്നും ഇമെയില് മുഖേന യുവതി നേതാക്കൾക്ക് അയച്ച പരാതിയിൽ വ്യക്തമാക്കിയിരുന്നു.
Content Highlights- 'Congress is abandoning Rahul, current actions are unsustainable' criticizes TP Ramakrishnan