സണ്ണി ജോസഫിന്റെ വാദം പൊളിയുന്നു; രാഹുലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയ അതിജീവിത കോൺഗ്രസിനും പരാതി നല്‍കി

പരാതിയുടെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആദ്യമായാണ് പരാതി ലഭിക്കുന്നതെന്ന കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ വാദം പൊളിയുന്നു. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ അതിജീവിത കോണ്‍ഗ്രസിനും പരാതി നല്‍കിയിരുന്നു. കഴിഞ്ഞ മാസം 28ന് വൈകിട്ട് ഇമെയില്‍ വഴിയാണ് പരാതി നല്‍കിയത്. എന്നാല്‍ അങ്ങനെ ഒരു പരാതി ലഭിച്ച വിവരം സണ്ണി ജോസഫ് പുറത്തുപറഞ്ഞില്ല. ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തിയെന്നതടക്കമുള്ള വിവരങ്ങള്‍ പരാതിയിലുണ്ടായിരുന്നു. പരാതിയുടെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു.

നവംബര്‍ 28ന് ഉച്ച കഴിഞ്ഞാണ് രാഹുലിനെതിരെ അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഇതിന് പിന്നാലെ 3.15 ഓടെ ഈ പരാതിയുടെ പകര്‍പ്പ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കും അയച്ചിരുന്നു. എന്നാല്‍ ഈ വിവരം കോണ്‍ഗ്രസ് നേതാക്കള്‍ ഇതുവരെ പുറത്തുപറഞ്ഞിട്ടില്ല. രാഹുലിനെതിരെ യുവതിയുടെ ബലാത്സംഗ പരാതി ലഭിച്ചതിന് പിന്നാലെ പ്രതികരിച്ചപ്പോള്‍ ആദ്യമായാണ് ഒരു പരാതി ലഭിക്കുന്നത് എന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. ഈ വാദങ്ങള്‍ തള്ളുന്ന വിവരങ്ങാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഇന്ന് ഉച്ചയോടെയാണ് രാഹുലിനെതിരെ മറ്റൊരു യുവതി സണ്ണി ജോസഫ് അടക്കമുള്ളവര്‍ക്ക് ഇമെയിലായി പരാതി നല്‍കിയത്. സണ്ണി ജോസഫിന് പുറമേ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. രാഹുലിനെതിരെ ഗുരുതര ആരോപണങ്ങളാണ് പരാതിയിലുള്ളത്. വിവാഹ വാഗ്ദാനം നല്‍കി ഹോം സ്റ്റേയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചതായി യുവതി ആരോപിച്ചിരുന്നു. ഗര്‍ഭം ധരിക്കാന്‍ രാഹുല്‍ നിര്‍ബന്ധിച്ചുവെന്നും പൊലീസില്‍ പരാതി നല്‍കാത്തത് ഭയം കാരണമാണെന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്. രാഹുലും സുഹൃത്ത് ഫെന്നി നൈനാനും ചേര്‍ന്ന് കാറില്‍ ഹോം സ്റ്റേയില്‍ എത്തിച്ചെന്നും രാഹുല്‍ ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്നും ഇമെയില്‍ മുഖേന യുവതി നേതാക്കള്‍ക്ക് അയച്ച പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

Content Highlights- Survivor filed complaint against rahul mamkootathil to sunny joseph

To advertise here,contact us