കോഴിക്കോട്: രാഹുല് മാങ്കൂട്ടത്തിലിനെതിരായ പുതിയ പരാതിയില് പ്രതികരിച്ച് ഷാഫി പറമ്പില് എംപി. പരാതിയില് കെപിസിസി നിലപാട് എടുത്തിട്ടുണ്ടെന്നും പരാതിയില് കോണ്ഗ്രസ് അല്ല അന്വേഷണം നടത്തുന്നതെന്നും ഷാഫി പറഞ്ഞു.
പാര്ട്ടിക്ക് ലഭിച്ച പരാതി ഉടന് പൊലീസിന് കൈമാറിയിട്ടുണ്ട്. ശബരിമല കൊള്ളയില് ജയിലില് കിടക്കുന്ന നേതാക്കള്ക്ക് എതിരെ സിപിഐഎം എന്ത് നടപടി എടുത്തു ? സിപിഐഎം കൈകാര്യം ചെയ്യുന്ന പോലെ അല്ല കോണ്ഗ്രസിന്റെ ഈ വിഷയത്തിലെ സമീപനം. ഒരു കാരണം കാണിക്കല് നോട്ടീസ് പോലും സിപിഐഎം നല്കിയില്ല. നിയപരമായി തന്നെ കാര്യങ്ങള് നടക്കട്ടെയെന്നും ഷാഫി മാധ്യമങ്ങളോട് പറഞ്ഞു.
രാഹുലിനെതിരെ ഗുരുതരാരോപണങ്ങളുമായാണ് മറ്റൊരു യുവതി ഇന്ന് രംഗത്തെത്തിയത്. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്നാണ് പരാതിയില് പറയുന്നത്. രാഹുലിന്റെ പ്രവൃത്തികള് ജീവിതത്തിലുണ്ടാക്കിയത് മറക്കാനാവാത്ത മുറിവുകളാണെന്നും പെണ്കുട്ടി പറയുന്നു. കേരളത്തിന് പുറത്ത് താമസിക്കുന്ന 23-കാരിയാണ് രാഹുലിനെതിരെ പരാതിയുമായി കെപിസിസിയെ അടക്കം സമീപിച്ചത്.
വിവാഹ വാഗ്ദാനം നൽകിയാണ് ഹോംസ്റ്റേയിലെത്തിച്ചതെന്ന് യുവതി പരാതിയിൽ പറയുന്നുണ്ട്. കുടുംബവുമായി സംസാരിക്കുന്നതിന് മുമ്പ് സ്വകാര്യമായി സംസാരിക്കണമെന്ന് പറഞ്ഞ് കൊണ്ടുപോവുകയായിരുന്നുവെന്നും ഫെന്നി നൈനാനും ഒപ്പമുണ്ടായിരുന്നുവെന്നും പരാതിക്കാരി പറയുന്നു. ഹോംസ്റ്റേയിലെത്തിയ ശേഷം മുറിയിലേക്ക് കയറി. സംസാരിക്കാൻ പോലും കൂട്ടാക്കാതെ ശാരീരികമായി അടുക്കാൻ ശ്രമിച്ചു. എതിർപ്പ് വകവയ്ക്കാതെ അയാൾ തന്നെ ക്രൂരമായി ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന് യുവതി പറയുന്നു.
രാഹുൽ നിർബന്ധിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നും യുവതി പറയുന്നുണ്ട്. അതിന്റെ ഫലമായി തനിക്ക് കടുത്ത പരിഭ്രാന്തി ഉണ്ടായെന്നും ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടായെന്നും യുവതി പറയുന്നു. ഇത് അസഹനീയമായ ശാരീരികാഘാതത്തിന് കാരണമായി.ശരീരത്തിൽ നിരവധി മുറിവുകളും പരിക്കുകളും ഉണ്ടായി. പിന്നീട്, വിവാഹത്തെക്കുറിച്ച് സംസാരിച്ചപ്പോൾ, തന്നെ ഉൾപ്പെടെ ആരെയും വിവാഹം കഴിക്കാൻ തനിക്ക് ഉദ്ദേശ്യമില്ലെന്നും തന്റെ രാഷ്ട്രീയ ജീവിതം ഒരിക്കലും തന്റെ ഭാര്യക്കോ കുട്ടിക്കോ ആവശ്യമായ ശ്രദ്ധ നൽകാൻ അനുവദിക്കില്ലെന്നും ആയിരുന്നു രാഹുലിന്റെ മറുപടിയെന്നും പരാതിക്കാരി വ്യക്തമാക്കി.
Content Highlights- Shafi Parambil's reaction on Allegation against rahul mamkootahil